road accident consciousness photo exhibition in calicut focus mall by JCI calicut, kerala
കോഴിക്കോട്: ‘ജീവന്‍ എടുക്കാന്‍ എളുപ്പമാണ്, പക്ഷെ കൊടുക്കുവാനോ?’ റോഡിലൂടെ തിരക്കിട്ട് വാഹനവുമായി പായുന്ന മലയാളിയെ ഒരു നിമിഷം നിര്‍ത്തി, അശ്രദ്ധ കൊണ്ടു റോഡില്‍ പൊലിഞ്ഞു പോവുന്ന ജീവന്റെ വിലയെപ്പറ്റി ചിന്തിപ്പിക്കാന്‍ ഈ ചോദ്യവുമായി ഇറങ്ങിയിരിക്കുകയാണ് കോഴിക്കോട് ജെ.സി.ഐ എന്ന സംഘടന. അപകടങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദര്‍ശനത്തിലൂടെ നാട്ടിലുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ് ജെ.സി.ഐ. പരിപാടിയുടെ ഭാഗമായി പ്രമുഖവ്യാപാരസമുച്ചയമായ ഫോക്കസ് മാളില്‍ ഫോട്ടോ പ്രദര്‍ശനവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.
road accident consciousness photo exhibition in calicut focus mall by JCI calicut, kerala
വാഹനാപകടങ്ങളുടെ ഭീകരത, അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങി അപകടങ്ങള്‍ വരുത്താവുന്ന സാഹചര്യങ്ങള്‍ വരെ കൃത്യമായി കാണിക്കുന്ന ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയാണ് കോഴിക്കോട് ജെ.സി.ഐ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മന:സാക്ഷിയെ പിടിച്ചുലയ്ക്കുന്ന തരത്തിലുള്ള ഫോട്ടോകള്‍ ആണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതിനാല്‍ കാണികളെ പിടിച്ചു നിര്‍ത്തി ഒരു നിമിഷം ചിന്തിപ്പിക്കാന്‍ ഇവയ്ക്കാവുന്നുണ്ട്. മാധ്യമങ്ങളില്‍ മുന്‍പ് പ്രസിദ്ധീകരിച്ച ഫോട്ടോകള്‍ ആണ് അധികവും.

രണ്ട് മാസം മുന്‍പ് കോഴിക്കോട് പുതിയ സ്റ്റാന്റില്‍ വെച്ചു ആരംഭിച്ച ഈ ബോധവല്‍ക്കരണ ഫോട്ടോ പ്രദര്‍ശന പരിപാടി ഇതിനകം ടൌണ്‍ ഹാളിലും വടകരയിലും നൂറു കണക്കിന് ആളുകളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ട്രാഫിക് പോലീസുമായും മോട്ടോര്‍ വാഹന വകുപ്പുമായും സഹകരിച്ചാണ് ജെ.സീസ് പരിപാടി സംഘടിപ്പിക്കുന്നത്. അയ്യായിരത്തിലേറെ ആളുകള്‍ ഉദ്ഘാടന ദിവസം തന്നെ പരിപാടിയില്‍ പങ്കെടുത്തതായി കോഴിക്കോട് ജെ.സി.ഐയുടെ പ്രസിഡന്റ് അഡ്വ.ദിനേഷ് പറഞ്ഞു. യുവാക്കള്‍ അടക്കം നിരവധി ആളുകള്‍ പ്രദര്‍ശനം വീക്ഷിക്കുന്നുണ്ട്.
Adv.Ranjith Mathew, Adv.Dinesh and Mr.Anoop JCI Zonel President- JCI Calicut
‘ദിവസേന എട്ടുപേര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്ന നാടാണ് കേരളം. ഈ ഫോട്ടോകള്‍ കണ്ടു കുറച്ചുപേര്‍ എങ്കിലും റോടുനിയമങ്ങള്‍ പാലിച്ചാല്‍ ഞങ്ങള്‍ വിജയിച്ചു’ പരിപാടിയുടെ സംഘാടകനായ അഡ്വ.രഞ്ജിത്ത് മാത്യു പറഞ്ഞു. ജെ.സി.ഐ സോണല്‍ പ്രസിഡന്റ് അനൂപ്, ജൂനിയര്‍ ജെ.സീ ചെയര്‍മാന്‍ നിഷാന്‍ അഹമ്മദ് എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് ബീച്ചില്‍ അടക്കം വരും ദിവസങ്ങളിലും പ്രദര്‍ശനം തുടരും.