മലയാള സിനിമയില്‍ റീമേക്കുകളുടെയും, രണ്ടാം ഭാഗങ്ങളുടെയും പ്രളയമാണ്. നീലത്താമര, രതിനിര്‍വ്വേദം എന്നീ ചിത്രങ്ങള്‍ റീമേക്ക് ചെയ്ത് വിജയിച്ചപ്പോള്‍ ആഗസ്റ്റ് 1 ന്റെ രണ്ടാം ഭാഗം എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. ദി കിംഗ്, രാജാവിന്റെ മകന്‍, തുടങ്ങിയ ചിത്രങ്ങളുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. എന്നാല്‍ ഇക്കൂട്ടത്തിലൊന്നും ദിലീപ് നായകനായ ചിത്രമില്ലായിരുന്നു.

ഇപ്പോഴിതാ ഒരു ദിലീപ് ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിലീപിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത റണ്‍വേ എന്ന ചിത്രമാണ് റീമേക്ക് ചെയ്യുന്നത്.

റണ്‍വേയില്‍ വാളയാര്‍ പരമശിവം എന്ന സ്പിരിറ്റ് കടത്തുകാരനെയാണ് ദിലീപ് അവതരിപ്പിച്ചിരുന്നത്. പുതിയ ചിത്രത്തിന്റെ പേരും വാളയാര്‍ പരമശിവം എന്നാണ്.

റണ്‍വേയുടെ രണ്ടാം ഭാഗം എന്നത് കുറച്ചു മുമ്പ് തന്നെ ജോഷിയുടെ മനസിലുണ്ടായിരുന്നതാണ്. എന്നാല്‍ ദിലീപിന്റെയും ജോഷിയുടേയും തിരക്കുകള്‍ കാരണം ഇത് മാറ്റിവയ്ക്കുകയായിരുന്നു. എന്നാലിപ്പോള്‍ രണ്ടാം ഭാഗത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ സംവിധായകന്‍ തുടങ്ങിക്കഴിഞ്ഞു.

ചിത്രത്തില്‍ ദിലീപ് തന്നെയാണ് നായകന്‍ എന്ന് പറയേണ്ടതില്ലല്ലോ. നായികയ്ക്കും മാറ്റമില്ല. കാവ്യതന്നെ.

വാളയാര്‍ പരമശിവത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. ദിലീപാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിബി കെ.തോമസ് ഉദയ്കൃഷ്ണ ടീമിന്റേതാണ് കഥ.