എഡിറ്റര്‍
എഡിറ്റര്‍
മുട്ടുമടക്കില്ല, നിവര്‍ന്നു നിന്നു മരിക്കും; ഒഞ്ചിയത്തെ സ്ത്രീകള്‍ ഓര്‍മിപ്പിക്കുന്നത് ലാ പാഷനാരിയയെ : കെസി.ഉമേഷ്ബാബു
എഡിറ്റര്‍
Friday 24th February 2017 2:32pm

കോഴിക്കോട്: ഫ്രാങ്കോയുടെ ഫാസിസ്റ്റ് വാഴ്ചയ്ക്ക് മുന്‍പില്‍ മുട്ടിലിഴഞ്ഞ് ജീവിക്കില്ലെന്നും നിവര്‍ന്നുനിന്ന് മരിക്കുമെന്നും പ്രഖ്യാപിച്ച സ്പാനിഷ് കമ്മ്യൂണിസ്റ്റ് നായിക ലാ പാഷനാറിയയെയാണ് ഒഞ്ചിയത്തെ സ്ത്രീകള്‍ ഓര്‍മിപ്പിക്കുന്നതെന്ന് കവി കെ.സി.ഉമേഷ്ബാബു.

ജനകീയപ്രതിരോധങ്ങള്‍ക്കുമുന്‍പില്‍ തോറ്റൊടുങ്ങിയ ചരിത്രമാണ് ഫാസിസ്റ്റുകളുടേതെന്നും ബംഗാളില്‍ ഉള്‍പ്പെടെ ജനങ്ങള്‍ പഠിപ്പിച്ച ആ പാഠം സി.പി.ഐ.എം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഒഞ്ചിയത്തെ ആര്‍.എം.പി.ഐ പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നിരന്തരം നടക്കുന്ന സി.പി.ഐ.എം അക്രമം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് റവല്യൂഷണറി മഹിളാഫെഡറേഷന്‍ വടകരയില്‍ സംഘടിപ്പിച്ച പ്രതിരോധരാവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ.എമ്മിന്റെ ഫാസിസ്റ്റ് രീതിയെ ഭയന്ന് മുട്ടിലിഴഞ്ഞ് ജീവിക്കാന്‍ ഒരുക്കമല്ല. നിവര്‍ന്നുനിന്ന് മരിക്കാനാണ് ഒഞ്ചിയത്തെ കമ്മ്ണിസ്റ്റുകാര്‍ ഇഷ്ടപ്പെടുന്നത്. ആ പ്രഖ്യാപനമാണ് തെരുവിലേക്കിറങ്ങിവന്ന ഈ സ്ത്രീകള്‍ നടത്തുന്നത്.

നാടിനും വീടിനും കൊള്ളാതെ തെണ്ടിത്തിരിഞ്ഞുനടക്കുന്ന യുവാക്കളെ ബോംബും കഠാരയും കൊടുത്ത് വിയോജിപ്പിന്റെ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ആര്‍.എസ്.എസും സി.പി.ഐ.എമ്മും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തരെക്കാരെ അല്ല തൊഴിലാളിവര്‍ഗത്തെ ഉപയോഗിച്ചാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടതെന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ അധപതനമാണ് ലുംബന്‍മാരെ ഉപയോഗിച്ചു നടത്തിക്കൊണ്ടിരിക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍.
വടിവാളും ബോംബും ഉപയോഗിച്ച് രാഷ്ട്രീയ വിയോജിപ്പുകളെ ഇല്ലാതാക്കാനാവില്ല. അങ്ങനെയായിരുന്നുവെങ്കില്‍ സഖാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ഒഞ്ചിയത്തെ ജനത രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമായിരുന്നു.

കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ ഇല്ലായ്മ ചെയ്യാന്‍ അക്കാലത്തെ ജന്മികളും ഭരണകൂടവും നടത്തിയിരുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് ഒഞ്ചിയത്തെ ആര്‍.എം.പിക്കാര്‍ക്ക് നേരെ സി.പി.ഐ.എം നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ അക്രമങ്ങള്‍. ആ അടിച്ചമര്‍ത്തലുകള്‍ക്ക് ശേഷം 1957 ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയത് കമ്മ്യൂണിസ്റ്റ് കാരാണെന്ന ചരിത്രം ഇജകങ ഓര്‍ക്കണം.

മറ്റു സംസ്ഥാനങ്ങളില്‍ വെച്ച് കേരള മുഖ്യമന്ത്രി വിജയന്‍ പോലും സംഘപരിവാര്‍ അസഹിഷ്ണുതയുടെ ഇരയാവുമ്പോള്‍ അതേ അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് ഇവിടെ വിജയന്റെ പാര്‍ട്ടി പ്രയോഗിക്കുന്നത്.

ഉടന്‍ തിരുത്തിയില്ലെങ്കില്‍ ബംഗാളിലെ അവസ്ഥ തന്നെയാണ് കേരളത്തിലും സി.പി.ഐ.എമ്മിനെ കാത്തിരിക്കുന്നത്. ജനങ്ങളെ ജീവിക്കാനനുവദിക്കാത്ത ഭരണാധികാരികളുടെ അവസ്ഥയെന്തെന്ന് മുസോളിനിയുടെ ചരിത്രത്തില്‍ നിന്ന് പഠിക്കുന്നത് നല്ലതാണെന്നും
അദ്ദേഹം പറഞ്ഞു.

ജിഷയുടെ കൊലപാതകം രാഷ്ട്രീയആയുധമാക്കി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാറിനു കീഴില്‍ സ്ത്രീകളും ദലിതരും നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും ഇത്തരം കേസുകളില്‍ ഇരകളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റെതെന്നും തുടര്‍ന്ന് സംസാരിച്ച കെ.എസ്.ഹരിഹരന്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് സ്വാഭാവികമായി ജീവിതം മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാത്ത അവസ്ഥയാണ് ഒഞ്ചിയത്ത് സി.പി.ഐ.എം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗുണ്ടാസംഘങ്ങളെ മുഖം നോക്കാതെ അടിച്ചമര്‍ത്തുന്നതിനും തുറുങ്കിലടയ്ക്കുന്നതിനും പകരം, ക്രിമിനലുകള്‍ക്ക് കുടപിടിക്കുകയാണ് പിണറായി വിജയന്റെ പോലീസെന്ന് കെ.കെ രമ അഭിപ്രായപ്പെട്ടു. ഒഞ്ചിയത്തെ രാഷ്ട്രീയഭിന്നാഭിപ്രായങ്ങളെ കായികമായി ആക്രമിച്ചവസാനിപ്പിക്കാന്‍ സി.പി.ഐ.എം നേതൃത്വം ആസൂത്രണം ചെയ്തിരിക്കുന്ന ഒഞ്ചിയം ഓപ്പറേഷന്‍ എന്ന കിരാതമായ ഈ ഫാസിസ്റ്റ് തേര്‍വാഴ്ചയ്ക്ക് മുന്നില്‍ മുട്ടിലിഴയുന്ന വിനീതവിധേയരെയാണ് ഇവിടെ സ്റ്റേഷനുകളില്‍ നിയമിച്ചിരിക്കുന്നതെന്ന സംശയം ബലപ്പെടുത്തുന്ന നടപടികളാണ് പോലീസില്‍ നിന്ന് അനുദിനം ഉണ്ടായികൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സൈ്വര്യജീവിതത്തിനും കാവലാളാവേണ്ട പോലീസ് ഗുണ്ടാസംഘങ്ങളുടെ കാര്യസ്ഥപ്പണിയെടുക്കുമ്പോള്‍ നിയമവാഴ്ചയിലുള്ള വിശ്വാസമാണ് ഒഞ്ചിയം ജനതയ്ക്ക് നഷ്ടമാകുന്നത്.ചന്ദ്രശേഖരന്റെ ഓര്‍മകളെപ്പോലും ഭയക്കുന്ന ഇജകങ നേതൃത്വമാണ് ഇതിനു പിന്നിലെന്നും
ഇതുകൊണ്ടൊന്നും കമ്മ്യൂണിസ്റ്റുകാര്‍ രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തുമെന്ന് വ്യാമോഹിക്കരുതെന്നും അവര്‍ പറഞ്ഞു.

അവസാനത്തെ മനുഷ്യനും മരിക്കേണ്ടി വന്നാലും സി.പി.ഐ.എമ്മിന്റെ ഈ ഫാസിസ്റ്റ് കിരാതവാഴ്ചയ്ക്ക് മുന്നില്‍ ഒഞ്ചിയം മുട്ടുമടക്കില്ലെന്ന് റവല്യൂഷണറി മഹിളാ ഫെഡറേഷന്‍ ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി മിനിക പറഞ്ഞു.

മണ്ടോടി കണ്ണന്റെയും ചന്ദ്രശേഖരന്റെയും ഒഞ്ചിയം രക്തസാക്ഷികളുടേയും ചോര വീണ ഈ മണ്ണിനെ കീഴടക്കാന്‍ സി.പി.ഐ.എമ്മിന്റെ കൂലിക്വട്ടേഷന്‍ കൊലവാളുകള്‍ക്ക് അസാധ്യമാണെന്ന് പ്രാണന്‍ പകരം കൊടുത്തും ഒഞ്ചിയം ജനത തെളിയിക്കുക തന്നെ ചെയ്യും.
എല്ലാ ആക്രമണങ്ങളേയും ജനാധിപത്യപരമായി ചെറുക്കാന്‍ കേരളീയ ജനാധിപത്യ ബഹുജന മനഃസാക്ഷിയുടെ അകമഴിഞ്ഞ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുകയാണ്.

ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ് എന്‍.വേണുവിനെ വധിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നുവെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പിണറായി വിജയന്റെ പോലീസ് തന്നെ സ്ഥിരീകരിച്ചിരിക്കുന്നു.

വിയോജിപ്പുകളുടെ പ്രാണനറുക്കാന്‍ അവരുടെ ആയുധപ്പുരകളില്‍ കത്തി രാകുന്ന ശബ്ദം ഞങ്ങള്‍ വീണ്ടും കേട്ടുതുടങ്ങിയിരിക്കുന്നു. അത് കേരളത്തിന്റെ മനഃസാക്ഷിയെ അറിയിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ഇനിയും ഒഞ്ചിയത്ത് അക്രമങ്ങള്‍ നടത്തുകയാണ് ഉദ്ദേശമെങ്കില്‍ ഒഞ്ചിയത്തെ സ്ത്രീകളും വീട്ടമ്മമാരും ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം തുരുത്തിമുക്കിലുള്ള വീട്ടില്‍ രാത്രി എത്തിയ സി.പി.ഐ.എം പ്രവര്‍ത്തകര്‍ മിനികയ്ക്കും കുഞ്ഞുങ്ങള്‍ക്കും നേരെ ആയുധങ്ങളുമായെത്തി വധഭീഷണിയുയര്‍ത്തിയിരുന്നു.

ആര്‍.എം.പി.ഐ സ്ഥാപകനേതാവ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ നേതാക്കള്‍ക്ക് വരെയുള്ള കൃത്യമായ പങ്ക് കൈയ്യോടെ പിടിക്കപ്പെടുകയും, കേരളത്തിന്റെ ജനാധിപത്യ മനഃസാക്ഷിക്ക് മുന്നില്‍ സമ്പൂര്‍ണ്ണമായും ഒറ്റപ്പെടുകയും, സമാനതകളില്ലാത്ത ബഹുജനരോഷത്തിന് വിധേയമാവുകയും ചെയ്തതിനെ തുടര്‍ന്ന് 2012 മെയ് 4 ന് ശേഷം നിര്‍ത്തിവെക്കേണ്ടി വന്ന ആക്രമണങ്ങളാണ് വീണ്ടും ഒഞ്ചിയത്തിന്റെ വിവിധ മേഖലകളില്‍ സി.പി.ഐ.എം നേതൃത്വം നിരന്തരമായും സംഘടിതമായും ആസൂത്രിതമായും പുനരാരംഭിച്ചിരിക്കുന്നത് എന്നാണ് ഒഞ്ചിയത്ത് നിന്നും പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ പറയുന്നത്.

പിണറായി വിജയന്‍ അധികാരത്തിലേറിയ ശേഷം നിരന്തരം വീടുകളും വാഹനങ്ങളും അക്രമിക്കപ്പെടുകയാണെന്നും സൈ്വര്യ ജീവിതത്തിനായി ഏതറ്റം വരെയും പൊരുതുമെന്നും പിന്തിരിഞ്ഞു പോകാനല്ല സഖാവ് ചന്ദ്രശേഖരന്‍ പഠിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു.

ഇത്തരം നിരവധി സംഭവങ്ങളാണ് ഒഞ്ചിയത്ത് നിന്നും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തെങ്ങുകയറ്റത്തൊഴിലാളിയുടെ കൈകള്‍ ഇരുമ്പുദണ്ഡുപയോഗിച്ച് അടിച്ചൊടിച്ചതും ഓട്ടോറിക്ഷകള്‍ തീയിട്ടുനശിപ്പിച്ചതുമൊക്കെ ഇതില്‍ ചിലത് മാത്രം.കെ.കെ.രമ സ്ഥിരമായി യാത്ര ചെയ്യാനുപയോഗിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ വിജേഷിന്റെ വീടിന് നേരെ ഒരു പ്രകോപനവുമില്ലാതെ ബോംബെറിഞ്ഞതാണ് ഒടുവിലത്തെ സംഭവം.

വിജേഷിന്റെ പിഞ്ചുകുഞ്ഞും മാതാവും രോഗികളാണ്. ചികിത്സയിലുള്ള മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഇപ്പൊള്‍ ഉഗ്രശബ്ദം സൃഷ്ടിച്ച അസ്വസ്ഥതയിലാണ്. ആര്‍.എം.പി.ഐ ഊരാളുങ്കല്‍ ലോക്കല്‍ കമ്മിറ്റി അംഗവും അധ്യാപകനുമായ സി.പി.രഞ്ജിത്ത് മറ്റു രണ്ട് പ്രവര്‍ത്തകരോടൊപ്പം തട്ടോളിക്കരയില്‍ നടുറോഡിലാണ് ഇക്കഴിഞ്ഞ ആഴ്ച ആക്രമിക്കപ്പെട്ടത്.

ടിപിയുടെ വീടിന് തൊട്ടടുത്ത് മണ്ടോടി വയലിലെ സ്മാരകസ്തൂപം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തകര്‍ക്കപ്പെട്ടത്.ബോംബേറും സ്തൂപം തകര്‍ക്കലും കായികാക്രമണങ്ങളും വീടുകയറി ഭീഷണിപ്പെടുത്തലും ഉപജീവനമാര്‍ഗങ്ങള്‍ നശിപ്പിക്കലുമൊക്കെ ഒഞ്ചിയത്തുകാര്‍ക്ക് നിത്യസംഭവമായിട്ടുണ്ടെന്നും ഇതൊന്നും പുറംലോകമറിയുന്നില്ലെന്നും റവല്യൂഷണറി പ്രവര്‍ത്തകര്‍ പറയുന്നു.

പ്രതിരോധരാവില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ പലരും ചെറുതും വലുതുമായ ഇത്തരം അക്രമങ്ങള്‍ നേരിട്ടനുഭവിച്ചവരാണ്. ചടങ്ങില്‍ ടി.കെ രോഹിണി ടീച്ചര്‍ അധ്യക്ഷയായി, ടി.കെ വിമല ടീച്ചര്‍, എന്‍ സ്മിത, കെ.എസ് ഹരിഹരന്‍, ബിബിത്ത് കോഴിക്കളത്തില്‍ എന്നിവര്‍ സംസാരിച്ചു

Advertisement