ചണ്ഡീഗഢ്: രക്തസാക്ഷി ടി.പി ചന്ദ്രശേഖരന്റെ ഓര്‍മകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ആര്‍.എം.പിയുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനത്തിന് തുടക്കമായി. ചണ്ഡീഗഢിലെ ബാബ മഖാന്‍ സിംഗ് ലോബാന ഹാളില്‍ (ഷഹീദ് ഭഗത് സിംഗ് നഗറില്‍) നവംബര്‍ 23 മുതല്‍ 26 വരെയാണ് സമ്മേളനം.

ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി.ഐ കേന്ദ്ര കമ്മറ്റി അംഗവുമായ സഖാവ് കെ.കെ രമ രക്ത പതാകയുയര്‍ത്തിക്കൊണ്ട് സമ്മേളനത്തിന് തുടക്കം കുറിച്ചു. പഞ്ചാബിലെ ഇടത് സാംസ്‌കാരിക സംഘമായ ‘റെഡ് ആര്‍ട്സ്’ വിപ്ലവ ഗാനങ്ങളും തെരുവു നാടകവും അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി മംഗത്റാം പസ്ല സമ്മേളനം ഉദ്ഘാടനം ചെയ്തു.


Also Read: തിരുവനന്തപുരത്ത് ക്വാറി അപകടം; ഒരാള്‍ മരിച്ചു; എട്ട് പേര്‍ക്ക് പരിക്ക്


ഇന്ത്യയിലെ വിപ്ലവ ഇടതുപക്ഷം ബി.ജെ.പി ഉയര്‍ത്തുന്ന ഹിന്ദുത്വ ഫാസിസത്തെയും ആഗോളീകരണ നയപരിപാടികളെയും എതിര്‍ത്തുതോല്‍പ്പിക്കാനുള്ള ചുമതല ഏറ്റെടുക്കണമെന്ന് മംഗത്റാം പസ്ല പറഞ്ഞു. ‘ഇന്ത്യയിലെ പരമ്പരാഗത ഇടതുപക്ഷം പാര്‍ലമെന്ററി താത്പര്യങ്ങളോടുള്ള അമിതാസക്തി മൂലം ജനങ്ങളുടെ സമരങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്.’

‘മറ്റൊരു വിഭാഗമാകട്ടെ അരാജകവാദപരമായ സൈനിക ലൈന്‍ പിന്തുടരുന്നതിനാല്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകഴിഞ്ഞു. ഇന്ത്യയിലെ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ആക്രമണങ്ങള്‍ ചെറുത്തു തോല്‍പ്പിക്കുന്നതിനായി ജനകീയ പ്രതിരോധമുയര്‍ത്താന്‍ ആര്‍.എം.പി.ഐ നേതൃത്വം നല്‍കുമെന്നും’ അദ്ദേഹം പറഞ്ഞു.


Dont Miss: ബൈക്ക് വാങ്ങാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍


ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. കെ ഗംഗാധര്‍, കെഎസ് ഹരിഹരന്‍, രമേഷ് താക്കൂര്‍, സുര്‍ജിത് സിംഗ് രണ്‍ധാവ എന്നിവരടങ്ങിയ പ്രസീഡിയവും രാജേന്ദ്ര പരാഞ്ജ്പെ, ഹര്‍കമല്‍ സിംഗ്, ടി. എല്‍ സന്തോഷ് എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും അഡ്വ. പി കുമാരന്‍കുട്ടി, അമാവാസി എന്നിവരടങ്ങിയ മിനുട്സ് കമ്മറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.

രണ്ടാമത്തെ സെഷനില്‍ കേന്ദ്രകമ്മറ്റി അംഗം ഹര്‍കമല്‍ സിംഗ് പാര്‍ട്ടി പരിപാടിയുടെ കരട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ഗുല്‍സാര്‍ സിംഗ് സന്തു സ്വാഗതം പറഞ്ഞു.