എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറിഎന്‍.വേണു
എഡിറ്റര്‍
Sunday 12th January 2014 12:16pm

aap.tp

കോഴിക്കോട്: ആം ആദ്മിപാര്‍ട്ടിയുമായി കേരളത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍.വേണു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ മണ്ഡലങ്ങളിലും ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് ആര്‍.എം.പി മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള രണ്ട് മുന്നണികള്‍ക്ക് ബദലായി ആം ആദ്മി പാര്‍ട്ടിയുമായും മറ്റ് ഇടതുപക്ഷ പാര്‍ട്ടികളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വേണു പറഞ്ഞു. ദല്‍ഹി തിരഞ്ഞെടുപ്പിന് മുമ്പും ശേഷവുമായി ദേശീയതലത്തില്‍ നടന്ന ചര്‍ച്ചകളിലാണ് അഴിമതി വിരുദ്ധ മുന്നണിയായി മാറാന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചത്.

അതേസമയം ആര്‍.എം.പിയുമായി നിലവില്‍ സഖ്യമുണ്ടാക്കിയതായി അറിയില്ലെന്നും ചര്‍ച്ചക്ക് സാധ്യതയുണ്ടെന്നും ആം ആദ്മി നേതാവ് മനോജ് പത്മനാഭന്‍ വ്യക്തമാക്കി.

കേരളത്തിലെ മുഴുവന്‍ ജനകീയ സമരങ്ങളുമായും ആര്‍.എം.പി സഹകരിക്കുമെന്നും മറ്റ് ഇടതുപക്ഷ ഗ്രൂപ്പുകളുമായി ചേര്‍ന്ന് വിശാലമായ ഒരു സമരമുന്നണി ഉണ്ടാക്കുമെന്നും ആര്‍.എം.പി നേതാവ് കെ.കെ.രമ പറഞ്ഞു.

ഇതിന്റെ ഭാഗമായി അഴിമതി വിരുദ്ധ സമരത്തില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കാനും പാര്‍ട്ടി തീരുമാനിച്ചതായി രമ വ്യക്തമാക്കി.

കേരളത്തിലെ ഇരുമുന്നണികളും സമാനമാണെന്നും അഴിമതി നിറഞ്ഞ ദുര്‍ഭരണത്തിന് തടയിടാന്‍ ആം ആദ്മിയെപ്പോലുള്ള ജനകീയ ബദല്‍ ആവശ്യമാണെന്നും അതിനാല്‍ ആം ആദ്മി പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും കെ.കെ.രമ കൂട്ടിച്ചേര്‍ത്തു.

അതേസമയം താന്‍ ആം ആദ്മിയില്‍ ചേരുന്നുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു. ആം ആദ്മി പ്രവര്‍ത്തകരുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നവെന്നും ഇപ്പോള്‍ ആം ആദ്മിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം ആം ആദ്മിയില്‍ ചേരുന്ന സാഹചര്യമുണ്ടാകുകയാണെങ്കില്‍ താന്‍ ആം ആദ്മിയില്‍ ചേരുന്ന കാര്യം അപ്പോള്‍ ആലോചിച്ചേക്കുമെന്നും പി.ടി.എ റഹീം എം.എല്‍.എ പ്രതികരിച്ചു.

ഇടത് പിന്തുണയോടെ കോഴിക്കോട് കുന്ദമംഗലം നിയോജകമണ്ഡലത്തിലെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് എം.എല്‍.എയായ പി.ടി.എ റഹീം ആം ആദ്മിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisement