എഡിറ്റര്‍
എഡിറ്റര്‍
ആവശ്യപ്പെടുമ്പോള്‍ ബോധ്യപ്പെടാന്‍ വിഎസിന്റെ ബി ടീം അല്ല ആര്‍എംപി
എഡിറ്റര്‍
Friday 21st March 2014 9:55am

t.l-santhosh

വടകര: ടിപിവധത്തില്‍ സിപിഐഎം നടത്തിയ അന്വേഷണവും സ്വീകരിച്ച നിലപാടും വിഎസ് ആവശ്യപ്പെടുമ്പോള്‍ ബോധ്യപ്പെടാന്‍ അദ്ദേഹത്തിന്റെ ബി ടീം അല്ല ആര്‍എംപി എന്ന് പാര്‍ട്ടി സംസ്ഥാന ചെയര്‍മാന്‍ ടിഎല്‍ സന്തോഷ്. അങ്ങനെ ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എസ്എംസി ലാവലിന്‍ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ പാര്‍ട്ടി നടത്തിയ അന്വേഷണം തനിക്ക് പോലും ബോധ്യമായില്ലെന്ന് പറഞ്ഞതിനാലാണ് വിഎസ് അച്യുതാനന്ദനെ പിബിയില്‍ നിന്ന് പുറത്താക്കിയത്. അദ്ദേഹമാണിപ്പോള്‍ ടിപിവധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തിയ അന്വേഷണം ആര്‍എംപിക്ക് ബോധ്യപ്പെടണമെന്ന് ആവശ്യപ്പെടുന്നത്.

സിപിഐഎമ്മിന്റെ വലതുപക്ഷ നയങ്ങള്‍ക്കെതിരായുള്ള ജനകീയപോരാട്ടമാണ് ആര്‍എംപി നടത്തുന്നത്. ആ പോരാട്ടത്തിനിടയിലാണ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. അത്തരം പോരാട്ടങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയ ആളായിരുന്നു വിഎസ് എന്നും ടിഎല്‍ സന്തോഷ് പറഞ്ഞു.

സ്വാഭാവികമായും ആര്‍എംപി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് വിഎസ് അച്യുതാനന്ദന്റെ പിന്തുണ തങ്ങളാഗ്രഹിച്ചു. അത്തരം ചരിത്രപരമായ പോരാട്ടങ്ങളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും വിഎസ് അച്യുതാനന്ദന്‍ തിരിച്ചുനടക്കുകയാണെന്നും ടിഎല്‍ സന്തോഷ് കുറ്റപ്പെടുത്തുന്നു.

ഇടതുപക്ഷ ഐക്യമുന്നണി വടകര ലോക്‌സഭാ മണ്ഡലം കണ്‍വെന്‍ഷന് ശേഷം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വികെ സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി അഡ്വ.കുമാരന്‍കുട്ടി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍.വേണു, ബി വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement