എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എം.പി സ്ഥാനാര്‍ത്ഥി പട്ടികയായി; വടകരയില്‍ അഡ്വ.കുമാരന്‍കുട്ടി
എഡിറ്റര്‍
Saturday 15th March 2014 3:18pm

rmp

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ (ആര്‍.എം.പി) സ്ഥാനാര്‍ത്ഥി പട്ടികയായി. വിവാദ മണ്ഡലമായ വടകരയില്‍ അഡ്വ.കുമാരന്‍ കുട്ടിയാണ് മത്സരിക്കുന്നത്.

സംസ്ഥാനത്ത് ആര്‍.എം.പിയുടെ മറ്റു പ്രധാന കേന്ദ്രങ്ങളായ കോഴിക്കോട്ട് അഡ്വ: എന്‍.പി പ്രതാപ് കുമാറും, കാസര്‍ഗോഡ് കെ.കെ അശോകനും കണ്ണൂരില്‍ പി.പി മോഹനനും മത്സരിക്കും.

ആറ്റിങ്ങലില്‍ എസ്.സുശീലന്‍, ആലത്തൂരില്‍ എം.യു ആല്‍ബിന്‍, തൃശൂരില്‍ സംസ്ഥാന ചെയര്‍മാന്‍ ടി.എല്‍  സന്തോഷ് എന്നിവര്‍ മത്സരിക്കും.

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം പിടിച്ചുലച്ച മണ്ഡലമാണ് വടകര. ടി.പിയുടെ മരണവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ ചലനങ്ങളും തര്‍ക്കങ്ങളും മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ കേരളം ഉറ്റു നോക്കുന്ന വിധിയാണ് വടകരയിലേത്. യുവ നേതാവ് എ.എന്‍ ഷംസീറാണ് സി.പി.ഐ.എമ്മിനു വേണ്ടി വടകരയില്‍ മത്സരിക്കുന്നത്.

ഷംസീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പാര്‍ട്ടിയ്ക്കകത്തു നിന്നും നേരിയ അഭിപ്രായ ഭിന്നതകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വം ഷംസീറില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന്റെ ചൂട് ആരംഭിച്ച സമയങ്ങളില്‍ ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ മത്‌സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. പിന്നീട് താന്‍ മത്സരിക്കുന്നില്ലെന്ന് രമ തന്നെ വ്യക്തമാക്കുകയായിരുന്നു.

Advertisement