എഡിറ്റര്‍
എഡിറ്റര്‍
കൊലയാളി സംഘത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന വാദം പൊളിഞ്ഞു: ആര്‍.എം.പി
എഡിറ്റര്‍
Wednesday 22nd January 2014 5:41pm

t.p

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി സി.പി.ഐ.എമ്മിനേറ്റ കനത്ത തിരിച്ചടിയാണെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ എതിരാളികളെ കശാപ്പ് ചെയ്യുന്ന സി.പി.ഐ.എമ്മിന്റെ കൊലപാതക രാഷ്ട്രീയ നിലപാടിനേറ്റ തിരിച്ചടിയാണ് വിധിയെന്നും ആര്‍.എം.പി വ്യക്തമാക്കി.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിലൂടെ കൊലപാതകത്തില്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് തെളിഞ്ഞിരിക്കുകയാണ്.

സി.പി.ഐ.എം നേതാക്കളായ കുഞ്ഞനന്തന്‍, കെ.സി രാചന്ദ്രന്‍, ട്രൗസര്‍ മനോജ് എന്നിവര്‍ കുറ്റക്കാരാണെന്ന കണ്ടെത്തല്‍ പാര്‍ട്ടിയുടെ ഗൂഢാലോചന തെളിയിക്കുന്നതാണ്.

ഇക്കാര്യം ആര്‍.എം.പി നേരത്തേ ചൂണ്ടിക്കാട്ടിയുണ്ട്. അതിനാല്‍ സി.പി.ഐ.എം നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് തുടരന്വേഷണം വേണമെന്നും ആര്‍.എം.പി പത്രക്കുറിപ്പില്‍ പറയുന്നു.

നേതൃത്വത്തിന്റെ അഴിമതിക്കും വലതുപക്ഷ വ്യതിയാനത്തിനുമെതിരെ ശബ്ദിച്ചതാണ് ചന്ദ്രശേഖരന്റെ ജീവനെടുക്കാന്‍ പാര്‍്ട്ടിയെ പ്രേരിപ്പിച്ചത്.

ദേശീയ രാഷ്ട്രീയത്തിലടക്കം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിച്ച ടി.പി വധത്തെ നുണപ്രചരണത്തിലൂടെ നേരിടാനാണ് സി.പി.ഐ.എം ശ്രമിച്ചത്. ഇസ്‌ലാമിക തീവ്രവാദികള്‍ മുതല്‍ പി.സി ജോര്‍ജിന്റേയും ശെല്‍വരാജിന്റേയും മറുനാടന്‍ വ്യവസായിയുടെയും പേര് വരെ സി.പി.ഐ.എം ആരോപിച്ചു.

എന്നാല്‍ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പാര്‍ട്ടിയുടെ പങ്ക് വ്യക്തമായി. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലം മുതല്‍ ആരംഭിച്ച ഗൂഢാലോചനയാണ് 2012 മെയ് 4ന് അവസാനിച്ചത്.

കേസില്‍ കുറ്റവാളികളാണെന്ന് കണ്ടെത്തിയ ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന വാദം പച്ചക്കള്ളമാണെന്ന് കോടതി വിധിയിലൂടെ വ്യക്തമായി.

കൊല്ലാന്‍ ഉത്തരവ് കൊടുത്ത നേതൃത്വം പ്രതികളെ സംരക്ഷിക്കാനും കേസ് അട്ടമറിക്കാനും കോടികളാണ് ചിലവഴിച്ചത്. സാമ്പത്തിക ശേഷിയും കൈക്കരുത്തുമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന സി.പി.ഐ.എമ്മിന്റെ  ധിക്കാരവും സോഷ്യല്‍ ഫാസിസവും തുറന്ന് കാട്ടപ്പെട്ടിരിക്കുകയാണ്.

തൂവെള്ള വസ്ത്രം കൊലക്കേസ് പ്രതികളുടെ യൂണിഫോമാണെന്ന് പരിചയപ്പെടുത്തിയത് ടി.പി കേസാണ്. സി.പി.ഐ.എമ്മിന്റെ ഭീഷണിക്കും പണാധിപത്യത്തിനും മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ 52 സാക്ഷികളാണ് കൂറുമാറിയത്.

അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റേയും മാധ്യമപ്രവര്‍ത്തകരുടേയും പ്രകടനം പ്രശംസനീയമാണ്.

രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുതല്‍ സാധാരണ സി.പി.ഐ.എം അനുയായികള്‍ വരെയുള്ളവര്‍ ടി.പി കേസിനെ പിന്തുണച്ചു.

കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ആര്‍.എം.പി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

Advertisement