കൊച്ചി: പൈലറ്റിനും വിമാനജീവനക്കാര്‍ക്കും സംഭവിച്ച വീഴ്ച്ചയാണ് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം ആകാശച്ചുഴിയില്‍ കുടുങ്ങാന്‍ കാരണമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ചുഴിയില്‍പ്പെട്ട് മിനുറ്റുകള്‍ കഴിഞ്ഞതിനുശേഷമാണ് പൈലറ്റ് വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മംഗലാപുരം-നെടുമ്പാശേരി ആകാശപാതയില്‍ ചുഴിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പൈലറ്റ് അവഗണിച്ചതായും ഇക്കാര്യം യാത്രക്കാരെ അറിയിക്കുന്നതില്‍ പൈലറ്റിന് വീഴ്ച്ചവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 25നാണ് 361 യാത്രക്കാരുമായി ദുബൈയില്‍ നിന്നും നെടുമ്പാശേരിക്ക് പുറപ്പെട്ട എമിറേറ്റ്‌സ് ബോയിംഗ്-777 വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. പൈലറ്റ് മുന്‍കൂര്‍ വിവരം നല്‍കാതിരുന്നതിനാല്‍ യാത്രക്കാരിലധികവും സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ല.