റിയാദ്: പ്രവാസ സ്വപ്നങ്ങള്‍ പൂവണിയാതെ, സ്വപ്ന ഭവനം കാണാതെ തങ്ങളെ വിട്ടു പോയ സുഹൃത്തിനു കടല്‍ താണ്ടി എത്തിച്ച സ്‌നേഹ കൂട്ടായ്മയുടെ സഹായം നാട്ടില്‍ കൈമാറി.

മാസങ്ങള്‍ക്ക് മുന്‍പ് ഷിഫാ സനയ്യയില്‍ റോഡപകടത്തില്‍ മരണമടഞ്ഞ റിയാദിലെ ഷിഫാ മലയാളി സമാജം അംഗമായിരുന്ന കൊല്ലം തട്ടാമല സ്വദേശി താന്നോലില്‍ തെക്കതില്‍ അനില്‍ കുമാറിന്റെ കുടുംബത്തിനായി കൂട്ടായ്മ സ്വരൂപിച്ച പത്ത് ലക്ഷത്തി പതിനഞ്ചായിരം രൂപയുടെ ചെക്ക് കൊല്ലം പാര്‌ലമെന്റ് അംഗം എം. കെ. പ്രേമചന്ദ്രന്‍ അനിലിന്റെ മകന്‍ കാര്‍ത്തികിന് കൈമാറി.

അനില്‍ കുമാറിന്റെ മാതാവിനുള്ള അമ്പതിനായിരം രൂപ ഭാര്യ രേഖ ഏറ്റുവാങ്ങി. ഷിഫ മലയാളി സമാജം രക്ഷാധികാരി ബാബു കൊടുങ്ങല്ലൂര്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഷാജഹാന്‍ കാഞ്ഞിരവിള, കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുജ, മയ്യനാട് ഗ്രാമ പഞ്ചായത്ത് അംഗം ഉമയനല്ലൂര്‍ ഷാഫി, മുന്‍ കൗണ്‍സിലര്‍ കമാലുദ്ദിന്‍, സി. പി. ഐ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുന്ദരന്‍, എസ്. എം. എസ് പ്രവര്‍ത്തകരായ അലി ഷോര്‍ണൂര്‍, മുജീബ് റഹ്മാന്‍, ഇല്യാസ്, അശോകന്‍, കുഞ്ഞു മൊയ്ദീന്‍, ബിജു,സുധി, സുരേഷ്, നൌഷാദ്,സാബു, തുടങ്ങിയവര്‍ അനിലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.വീട് നിര്‍മ്മാണ സമയത്തുണ്ടായിരുന്ന 6 ലക്ഷത്തിന്റെ കടം ഉടന്‍ കൊടുത്തീര്‍ക്കുകയും 115000 രൂപ അനിലിന്റെ അമ്മയ്ക്കും ഭാര്യക്കുമുളള താല്‍ക്കാലിക ചിലവായും ബാക്കി തുക ഏക മകന്റെ പേരില്‍ തൊട്ടടുത്ത ബാങ്കില്‍ സ്ഥിര നിക്ഷേപവുമാക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്ത :ഷിബു ഉസ്മാന്‍, റിയാദ്