റിയാദ്: സ്‌നേഹ സമ്പന്നനായ സ്‌പോണ്‍സറുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും കാരുണ്യത്താല്‍ സിക്കന്ദര്‍ നാടണഞ്ഞു. എക്‌സിറ്റ് 16 റവാബിയിലുള്ള സ്വദേശി പൗരന്റെ ഡ്രൈവറായ തമിഴ്‌നാട് മധുര സ്വദേശി സിക്കന്ദറിന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് റമദാന്‍ ആദ്യദിവസത്തിലായിയുന്നു.

റൂമില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ സ്‌പോണ്‍സറും തൊട്ടടുത്ത റൂമിലെ ഡ്രൈവറും പി എം എഫ് റവാബി കോഡിനേറ്ററുമായ ഹനീഫ കാസര്‍കോടിന്റെ സഹായത്താല്‍ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും ശരീരത്തിന്റ ഒരു ഭാഗം തളര്‍ന്നിരുന്നു.തുടര്‍ന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ നാഷണല്‍ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അസ്ലം പാലത്ത് സിക്കന്ദറിന്റെ പരിചരണം ഏറ്റെടുക്കുകയും അദ്ദേഹത്തിന്റെ വീടുമായി ബന്ധപെട്ടു വിവരങ്ങള്‍ ധരിപ്പിച്ചു.

സ്‌പോണ്‍സറും എല്ലാ ദിവസും ഹോസ്പിറ്റലില്‍ എത്തുകയും തന്റെ ഡ്രൈവറുടെ ചികിത്സയുടെ പുരോഗതി വിലയിരുത്തുന്നുമുണ്ടായിരുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച രാവിലെത്തെ സൗദിയ വിമാനത്തില്‍ നാട്ടിലേക് യാത്രയാക്കാന്‍ പി എഫ് എഫ് പ്രവര്‍ത്തകരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. യാത്രയില്‍ വേണ്ട സഹായത്തിനായി യാത്രക്കാരനെ അന്വേഷിക്കുമ്പോഴാണ് പൊതുമാപ്പ് ആനുകൂല്യത്താല്‍ നാട്ടിലേക് മടങ്ങാനിരുന്ന മധുര സ്വദേശി പെരിയ സ്വാമി ടിക്കറ്റില്ലാത്ത നിസ്സഹായാവസ്ഥ അറിഞ്ഞത്.

ഇദ്ദേഹത്തിന്റെ പൊതുമാപ്പുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചതും പി. എം. എഫ് ആയിരുന്നു. സിക്കന്ദറിന്റെ സ്‌പോണ്‌സര്‍ തന്നെ രണ്ടുപേര്‍ക്കും ടിക്കറ്റും നല്‍കി. രാധാകൃഷ്ണന്‍ പാലത്ത്, ഹനീഫ കാസര്‍കോട്, ശരീഖ് തൈക്കണ്ടി, എ. കെ. റ്റി. അലി, ആച്ചി നാസര്‍, സലിം വലിലപ്പുഴ, റഹിം പാലത്ത്, നസീര്‍ തൈക്കണ്ടി ഉള്‍പ്പടെ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി.

വാര്‍ത്ത :ഷിബു ഉസ്മാന്‍,റിയാദ്