പത്ത് വര്‍ഷം മുമ്പ് കാണാതായ തന്റെ സഹപ്രവര്‍ത്തകന്‍ രാജ് കിരണിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബോളിവുഡ് താരം ഋഷി കപൂര്‍. ഭാര്യയും മക്കളും ഉപേക്ഷിച്ച രാജ് കിരണ്‍ ഇപ്പോള്‍ യു.എസിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

താന്‍ കിരണിനെ കാണാനായി യു.എസില്‍ പോകുമെന്നും അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരുമെന്നും രാജിനൊപ്പം കര്‍സ് എന്ന ചിത്രത്തില്‍ വേഷമിട്ട ഋഷി കപൂര്‍ പറഞ്ഞു. സിനിമയില്‍ രാജിന് നഷ്ടപ്പെട്ടതൊക്കെ വീണ്ടെടുക്കാന്‍ താനദ്ദേഹത്തെ സഹായിക്കുമെന്നും കപൂര്‍ പറഞ്ഞു.

കാഗസ് കി നാവൂ, അര്‍ത്ഥ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ രാജിനെ വര്‍ഷങ്ങളായി കാണാനില്ലായിരുന്നു. ‘ഹിപ്പ് ഹിപ്പ് ഹുറെയ്‌’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ച ദീപ്തി നവലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റാണ് രാജിനെ കണ്ടെത്തുന്നതിലേക്ക് നയിച്ചത്.

ഭാര്യയും കുട്ടിയും ഉപേക്ഷിച്ച് പോയതുമുതല്‍ രാജ് കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നു . ഇതാവാം നാട് വിട്ട് പോകുന്നതിലേക്കെത്തിച്ചത്.

രാജിന്റെ ഇപ്പോഴത്തെ അവസ്ഥ തനിക്ക് വളരെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞു. പത്ത് വര്‍ഷത്തിനുശേഷം രാജിനെ കണ്ടെത്തി എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ബി.ജെ.പി നേതാവ് സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.