ന്യൂദല്‍ഹി: റിസര്‍വ്വ് ബാങ്ക് റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി. ഇതോടെ റിപ്പോ നിരക്ക് എട്ട് ശതമാനത്തില്‍ നിന്നും 8.25%മായി ഉയര്‍ന്നു. 7ശതമാനമായിരുന്നു റിവേഴ്‌സ് റിപ്പോ നിരക്ക് 7.25 ശതമാനവുമായി. മാസങ്ങള്‍ക്കുമുമ്പാണ് റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് അരശതമാനം വര്‍ധിപ്പിച്ചത്. പണപ്പെരുപ്പം ഗുരുതരമായ നിലയില്‍ തുടരുന്നതും ആഗോള സാമ്പത്തികമേഖലയിലെ പ്രതിസന്ധികളുമാണ് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കാരണം.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകളുടെ അധിക ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. ഒന്നര വര്‍ഷത്തിനിടെ ഇത് പതിനൊന്നാം തവണയാണ് റിസര്‍വ് ബാങ്ക്, നിരക്കുകള്‍ ഉയര്‍ത്തുന്നത്. റിപ്പോ നിരക്ക് 2008 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍.

നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ ഭവന, വാഹന വായ്പാ നിരക്ക് കൂടും. ഇത് വ്യാവസായിക മേഖലയില്‍ കടുത്ത പ്രത്യാഘാതമാണുണ്ടാക്കുക. രാജ്യത്തെ വാഹനവില്‍പ്പന വന്‍തോതില്‍ കുറഞ്ഞതായി പ്രമുഖകമ്പനികളെല്ലാം ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വ്യവസായ, ബാങ്കിങ് മേഖല ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. പലശനിരക്ക് ഉയരുന്നത് രാജ്യത്തെ സാമ്പത്തിക മേഖലയെ ബാധിക്കും. ഉല്‍പ്പാദന മേഖലയെയും ഇത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.