ന്യൂദല്‍ഹി: രാജ്യത്തെ റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനം. റിപ്പോ നിരക്ക് 6.5 എന്നത് 6.75 ആയും റിവേഴ്‌സ് റിപ്പോ നിരക്ക് 5.5 എന്നത് 5.75 ആയും വര്‍ധിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. ഈ സാമ്പത്തികവര്‍ഷം രാജ്യത്ത് ഇത് ഏഴാം തവണയാണ് റിപ്പോ- റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റമുണ്ടാവുന്നത്.

റിസര്‍വ്വ് ബാങ്കില്‍ നിന്ന് പണം വായ്പ വാങ്ങുമ്പോള്‍ മറ്റ് ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്. ആര്‍.ബി.ഐയില്‍ പണം നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശ നിരക്കാണ് റിവേഴ്‌സ് റിപ്പോ.ബാങ്കുകളിലെ നിക്ഷേപത്തിന്റെ നിശ്ചിത ഭാഗം റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്നതിനെയാണ് കരുതല്‍ ധനാനുപാതം(സി.ആര്‍.ആര്‍) എന്നു പറയുന്നത്.