Categories

മാണി ഗ്രൂപ്പില്‍ അധികാരത്തര്‍ക്കം, രാജ്യസഭാ സീറ്റ് വിവാദം ഐസ് ബര്‍ഗിന്റെ അഗ്രം മാത്രം

കോട്ടയം: മാണി ഗ്രൂപ്പില്‍ ഉരുണ്ടുകൂടുന്ന അധികാരത്തര്‍ക്കത്തിന്റെ ചെറിയൊരറ്റം മാത്രമാണ് രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇപ്പോഴുണ്ടാകുന്ന തര്‍ക്കമെന്ന് റിപ്പോര്‍്ട്ട്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ തുറന്ന പിന്തുണയോടെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ ജോയി എബ്രഹാം സീറ്റ് ഉറപ്പിച്ചിരിക്കുന്നത്. എന്നാല്‍ മുന്‍ എം.പിയും തന്റെ വിശ്വസ്തനുമായ ഫ്രാന്‍സിസ് ജോര്‍ജിനുവേണ്ടി മന്ത്രി പി.ജെ. ജോസഫ് പരസ്യമായ അവകാശവാദം ഉന്നയിച്ചിരിക്കയാണ്. ഇതിന് പിന്നാലെയാണ് കേരള കോണ്‍ഗ്രസ്സിനുള്ളിലെ തന്നെ സമുദായ സമവാക്യവും തലവേദന സൃഷ്ടിക്കുന്നത്.

മകന്‍ ജോസ് കെ. മാണി എം.പിയെ പാര്‍ട്ടി നേതൃത്വം ഏല്‍പ്പിക്കാനാണ് മാണിയുടെ നീക്കം. അതുകൊണ്ടുതന്നെ പാര്‍ട്ടി സ്ഥാപകനേതാവായ കെ.എം. ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് മറ്റൊരു അധികാര കേന്ദ്രമാകാന്‍ ഒരുനിലക്കും മാണി അനുവദിക്കില്ല. അതേസമയം മാണിയുടെ മകനുവേണ്ടി പാര്‍ട്ടി സ്ഥാപകന്റെ മകനെ തഴയുന്നുവെന്ന തരത്തിലുള്ള പ്രചരണവും നടക്കുന്നുണ്ട്.

പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം ചെയര്‍മാനും വൈസ് ചെയര്‍മാന്‍ പി.സി. ജോര്‍ജും വ്യക്തമാക്കിയിട്ടും വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് അടക്കം പലരുടെയും പേരുകള്‍ പരിഗണനയിലുണ്ടെന്നും തുറന്ന് പറഞ്ഞത്.

അതേസമയം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര സാമുദായിക വികാരവും കത്തിപ്പടരുന്നുണ്ട്. പാര്‍ട്ടിയിലെയും സര്‍ക്കാറിലെയും എല്ലാ പദവികളും കത്തോലിക്കര്‍ കൈയടക്കിയതിനാല്‍ കത്തോലിക്കനല്ലാത്ത ഒരാള്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കണമെന്നതാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

പദവികള്‍ കത്തോലിക്കന്‍, അകത്തോലിക്കന്‍, നായര്‍ എന്നിങ്ങനെ പങ്കിടുന്നതായിരുന്നു പാര്‍ട്ടിയിലെ അലിഖിത കീഴ്വഴക്കമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ കത്തോലിക്കനായ കെ.എം. ജോര്‍ജ് ചെയര്‍മാനും ഇ. ജോണ്‍ ജേക്കബ് വൈസ് ചെയര്‍മാനും ആര്‍. ബാലകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറിയുമായത് അങ്ങനെയാണ്. 1975ല്‍ പാര്‍ട്ടിക്ക് ആദ്യമായി ഭരണപങ്കാളിത്തം ലഭിച്ചപ്പോള്‍ കെ.എം. മാണിയും പിള്ളയും മന്ത്രിമാരും ടി.എസ്.ജോണ്‍ സ്പീക്കറുമായത് ഈ ഫോര്‍മുല പ്രകാരമാണ്.

പിന്നീട് പിളര്‍പ്പുകളുണ്ടായപ്പോഴും ഈ രീതിയാണ് പിന്തുടര്‍ന്നത്. എന്നാലിപ്പോള്‍ ചെയര്‍മാന്‍, വര്‍ക്കിങ് ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികളിലെല്ലാം കത്തോലിക്കരാണ്. മന്ത്രിമാരും ചീഫ് വിപ്പുമടക്കം സര്‍ക്കാര്‍ പദവികളിലും ഇവരുടെ സമ്പൂര്‍ണാധിപത്യമായതോടെ കേരള കോണ്‍ഗ്രസ് കത്തോലിക്ക കോണ്‍ഗ്രസ് ആയി അധത്തപതിച്ചെന്ന് സാമുദായിക സമവാക്യ ഫോര്‍മുല മുന്നോട്ടുവെക്കുന്നവര്‍ വാദിക്കുന്നു.

മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശേരിയുടെ പേരാണ് അവര്‍ മുന്നോട്ടുവെക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭക്കാരനായ പുതുശേരിക്ക് നിയമസഭാ സീറ്റ് നിഷേധിച്ചത് സഭയുടെ കടുത്ത രോഷത്തിന് ഇടയാക്കിയിരുന്നു. ഹിതപരിശോധനയുടെ അടിസ്ഥാനത്തിലെന്ന പേരില്‍ പുതുശേരിയെ തഴഞ്ഞത് തിരുവല്ല അടക്കം പല മണ്ഡലങ്ങളിലും തോല്‍വിക്ക് കാരണമായതായി യു.ഡി.എഫ് തന്നെ പിന്നീട് വിലയിരുത്തി.

നിയമസഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഏതാണ്ട് ഒറ്റപ്പെടുത്തിയ മട്ടില്‍ നിര്‍ത്തിയിരിക്കുന്ന പുതുശേരിക്ക് അവസരം നല്‍കുന്നത് കത്തോലിക്കേതര വിഭാഗങ്ങളുടെ പിന്തുണ സമാഹരിക്കാന്‍ സഹായകമാകുമെന്നാണ് വാദം. രണ്ടു വര്‍ഷത്തിനകം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ തന്നെ മികച്ച പ്രകടനത്തിന് ഇതുപകരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Malayalam News

Kerala News in English