ബെയ്ജിംഗ്: കൃഷിഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ദക്ഷിണ ചൈനയിലെ ഗോംങ്‌ടോംഗ് പ്രവിശ്യയില്‍ നൂറുകണക്കിന് ഗ്രാമവാസികള്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ ഗവണ്‍മെന്റ് കാര്യാലയങ്ങള്‍ വളയുകയും പോലീസ് ഉദ്യാഗസ്ഥരെ ആക്രമിക്കുകയും സൈനിക വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

ജനങ്ങള്‍ പ്രധാനപ്പെട്ട ഒരു ഹൈവേ ഉപരോധിക്കുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ ഹെഡ്‌ക്വോട്ടേഴ്‌സുകള്‍ക്ക് മുന്‍പില്‍ കൂട്ടം കൂടി നില്‍ക്കുകയും ചെയ്തതായി ഗവണ്‍മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഇന്നലെ പുറത്തു വിട്ട വാര്‍ത്തയില്‍ പറയുന്നു. ലൂഫെങ് ഗ്രാമത്തിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ ഡസനോളം പോലീസുകാര്‍ക്ക് പരിക്കേറ്റതായും വെബ്‌സൈറ്റ് പറയുന്നു.

ലൂഫെങ്ങിലെ പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടക്കവെ പരക്കെ ആക്രമങ്ങളുമുണ്ടായി. ജനങ്ങള്‍ ഇത്രയധികം പ്രകോപിതരാകാന്‍ കാരണം കഴിഞ്ഞ ദിവസം പോലീസ് ഒരു പെണ്‍കുട്ടിയെ കൊന്നതിനാലാണെന്ന് തദ്ദേശവാസികള്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വകാര്യകമ്പനികള്‍ക്ക് വേണ്ടി തെക്കന്‍ ചൈനയിലെ പ്രാദേശിക ഭരണകൂടമാണ് കര്‍ഷകഭൂമി ഏറ്റെടുത്തത്. ഭൂമി ഏറ്റെടുത്തതില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എല്ലാ ഭൂമിയും നിയമപരമായി രാഷ്ട്രത്തിന്റെ സ്വത്താണെന്നാണ് ചൈനയിലെ സര്‍ക്കാര്‍ നയം.