എഡിറ്റര്‍
എഡിറ്റര്‍
ഉന്നം പിഴയ്ക്കല്ലേ….!
എഡിറ്റര്‍
Sunday 31st July 2016 10:19pm

ഹെല്‍സിങ്കിയില്‍ ഗുസ്തിയിലൂടെ കെ.ഡി. ജാദവും അറ്റലാന്റയില്‍ ടെന്നീസില്‍ ലിയാണ്ടര്‍ പെയ്‌സും സിഡ്‌നിയില്‍ ഭാരോദ്വാഹനത്തില്‍ കര്‍ണം മല്ലേശ്വരിയും. ആധുനിക ഒളിമ്പിക്‌സിന് ഗ്രീസില്‍ തുടക്കം കുറിച്ചതിന് ശേഷം, ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ വ്യക്തിഗത ഇനത്തില്‍ രാജ്യം ആകെ സ്വന്തമാക്കിയ മെഡല്‍ നേട്ടത്തിന്റെ കണക്കാണ് പറഞ്ഞത്. ഈ ‘നൂറ്റാണ്ടിന്റെ റെക്കോര്‍ഡാണ് ‘ കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സുകളിലെ ഷൂട്ടിങ്ങ് റേഞ്ചിലെ മാത്രം പ്രകടനത്തിലൂടെ മറികടന്നത്. റിയോയിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ സംഘങ്ങളില്‍ ഏറ്റവും മെഡല്‍ സാധ്യതയുള്ളവരുടെ ഒരു കൂട്ടമായി ഇന്ത്യന്‍ ഷൂട്ടേര്‍സിനെ മാറ്റുന്നതും ഈ വസ്തുതയാണ്. 


rio-talks

vibish|റിയോ ടോക്ക്‌സ്‌: വിബീഷ് വിക്രം|


bindra300ഒളിമ്പിക്‌സില്‍ ഇന്ത്യ സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കിയ വ്യക്തിഗത ഇനമേതാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ഷൂട്ടിങ്ങ്. കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സുകളിലെ ഷൂട്ടിങ് റേഞ്ചില്‍ നിന്ന് മാതമാണ് ഈ നേട്ടം. അതിന് മുമ്പത്തെ ഒളിമ്പിക്‌സ് റെക്കോര്‍ഡില്‍ പരതിയാല്‍ ഇന്ത്യയുടെ സമ്പാദ്യം ആകെ മൂന്ന് വ്യക്തിഗത മെഡലുകളാണെന്ന് കാണാം. ഹെല്‍സിങ്കിയില്‍ ഗുസ്തിയിലൂടെ കെ.ഡി. ജാദവും അറ്റലാന്റയില്‍ ടെന്നീസില്‍ ലിയാണ്ടര്‍ പെയ്‌സും സിഡ്‌നിയില്‍ ഭാരോദ്വാഹനത്തില്‍ കര്‍ണം മല്ലേശ്വരിയും. ആധുനിക ഒളിമ്പിക്‌സിന് ഗ്രീസില്‍ തുടക്കം കുറിച്ചതിന് ശേഷം, ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ വ്യക്തിഗത ഇനത്തില്‍ രാജ്യം ആകെ സ്വന്തമാക്കിയ മെഡല്‍ നേട്ടത്തിന്റെ കണക്കാണ് പറഞ്ഞത്. ഈ ‘നൂറ്റാണ്ടിന്റെ റെക്കോര്‍ഡാണ് ‘ കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സുകളിലെ ഷൂട്ടിങ്ങ് റേഞ്ചിലെ മാത്രം പ്രകടനത്തിലൂടെ മറികടന്നത്. റിയോയിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ സംഘങ്ങളില്‍ ഏറ്റവും മെഡല്‍ സാധ്യതയുള്ളവരുടെ ഒരു കൂട്ടമായി ഇന്ത്യന്‍ ഷൂട്ടേര്‍സിനെ മാറ്റുന്നതും ഈ വസ്തുതയാണ്.Rathore

2004ല്‍ ഗ്രീസിലെ ഏഥന്‍സില്‍ നടന്ന ഒളിമ്പിക്‌സിലാണ് ഇന്ത്യ ആദ്യമായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്നത്. പുരുഷന്മാരുടെ ഡബ്ബിള്‍ ട്രാപ് ഇനത്തില്‍ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ് എന്ന പട്ടാളക്കാരന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ രാജ്യത്തിന്റെ കായിക ചരിത്രത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമായി മാറി അത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ രാജ്യത്തിനായി വെള്ളി മെഡല്‍ നേടുന്ന ആദ്യ കായിക താരം. നാല് വര്‍ഷം കഴിഞ്ഞ് ഒളിമ്പിക്‌സ് ബെയ്ജിങിലേക്ക് വിരുന്നെത്തിയപ്പോള്‍ ഷൂട്ടിങ് റേഞ്ച് വീണ്ടും ഇന്ത്യക്കായി അദ്ഭുതങ്ങള്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടായിരുന്നു. ഏഥന്‍സില്‍ വെള്ളിയായിരുന്നെങ്കില്‍ ബെയ്ജിങ്ങില്‍ ഒരു പടി കൂടി കടന്ന് ഇന്ത്യ ഒളിമ്പിക്‌സ് ചരിത്രത്തിലെ ആദ്യ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രയാണ് ഇന്ത്യയ്ക്ക് ലോക കായിക മേളയിലെ ആദ്യ സുവര്‍ണ്ണ നേട്ടം സമ്മാനിച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ലണ്ടനില്‍ ശതാബ്ദി ഒളിമ്പിക്‌സ് നടപ്പോള്‍ ഷൂട്ടിങ്ങ് റേഞ്ച് വീണ്ടും ഇന്ത്യക്ക് മെഡലുകള്‍ സമ്മാനിച്ചു. പതിവ് പോലെ ഒന്നല്ല, രണ്ട് മെഡലുകള്‍. വിജയകുമാറിലൂടെ വെള്ളിയും ഗഗന്‍ നരംഗിലൂടെ വെങ്കലവും.

DELHI, INDIA - OCTOBER 09: Gagan Narang of India poses with his gold medal following the 50m Mens Rifle event at the Dr Karni Singh Shooting Range during day six of the Delhi 2010 Commonwealth Games on October 9, 2010 in Delhi, India. (Photo by Phil Walter/Getty Images)

ഈ  പശ്ചാത്തലം കൊണ്ട് കൂടിയാണ് ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഷൂട്ടിങ്ങ് സംഘവുമായി റിയോയിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ ടീമിന് മുകളിലുള്ള മെഡല്‍ പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നതും. അത്‌ലറ്റിക്‌സ് കഴിഞ്ഞാല്‍ ഒളിപിക്‌സിനുള്ള ഇന്ത്യന്‍ ടീമില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത് ഷൂട്ടിങ്ങ് സംഘത്തിലാണ്. 12 പേരാണ് ഇത്തവണ റിയോയിലേക്കുളള ഇന്ത്യന്‍ സംഘത്തില്‍ ഇടം പിടിച്ചത്. അത്‌ല്റ്റിക്‌സില്‍ യോഗ്യത നേടിയവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിലൊന്ന് പ്രാതിനിധ്യം മാത്രം. പക്ഷെ വ്യക്തിഗത റാങ്കിങ്ങും സമീപകാല പ്രകടനങ്ങളുടെ റെക്കോര്‍ഡുകളും ചരിത്രപശ്ചാത്തലവും പരിശോധിക്കുമ്പോള്‍ ഇന്ത്യക്ക് മെഡല്‍ സാധ്യത കൂടുതല്‍ ഷൂട്ടിങ്ങ് റേഞ്ചില്‍ നിന്നാണെന്ന് നിസ്സംശയം പറയാം. അനുഭവ സമ്പന്നരും കന്നി ഒളിമ്പിക്‌സ് അങ്കത്തിനിറങ്ങി തിരിച്ചവരും ലോക റെക്കോര്‍ഡുകാരും നിലവിലെ ലോക റാങ്കിങ്ങില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം പിടിച്ചവരും മുന്‍ ലോക ഒന്നാം നമ്പറുകാരും ലോകക്കപ്പ് ജേതാക്കളും ഒളിമ്പിക്‌സ് മെഡലുകാരും ഒക്കെ അടങ്ങുന്നതാണ് ഇത്തവണത്തെ ഇന്ത്യന്‍ ടീം.

12 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തില്‍ 9 പുരുഷ ഷൂട്ടര്‍മാരും 3 വനിതാ ഷൂട്ടര്‍മാരുമാണുളളത്. ഇരുവിഭാഗങ്ങളിലുമായി പതിനൊന്ന് വ്യത്യസ്ത ഇനങ്ങളില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ മെഡലിനായി കാഞ്ചി വലിക്കും. പുരുഷന്മാര്‍ 8 വ്യത്യസ്ത ഇനങ്ങളിലും വനിതകള്‍ മുന്ന് വ്യത്യസ്ത ഇനങ്ങളിലുമാണ് മത്സരിക്കുന്നത്. അത് കൊണ്ട് തന്നെ ഷൂട്ടിങ് റേഞ്ചില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്ന മെഡലുകളുടെ എണ്ണവും ഇത്തവണ കൂടുതലാണെന്നതാണ് വാസ്തവം. കഴിഞ്ഞ തവണ ലണ്ടനില്‍ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ രണ്ട് മെഡല്‍ സ്വന്തമാക്കിയപ്പോള്‍ ആകെ മെഡല്‍ സമ്പാദ്യം 6 ആയി ഉയര്‍ന്നു. ഒളിമ്പിക്‌സിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡല്‍ വേട്ട. ഇത്തവണയത് രണ്ടക്കം തികയ്ക്കാനാവുമൊണ് ഇന്ത്യന്‍ ടീം അധികൃതരുടെ പ്രതീക്ഷ. പക്ഷെ അത് സാധ്യമാവണമെങ്കില്‍ ഇന്ത്യയുടെ ഷൂട്ടര്‍മാര്‍ മികച്ച പ്രകടനത്തോടെ മെഡല്‍ പട്ടികയില്‍ ഇടം പിടിച്ചേ മതിയാവൂ.

bindra 2പുരുഷന്മാരില്‍ ബെയ്ജിംഗ് ഒളിമ്പിക്‌സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, നിലവില്‍ 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ലോക റാങ്കിങ്ങില്‍ രണ്ടാമതും 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മൂന്നാം നമ്പറുകാരനായ ജിത്തു റായ്, നാല് വര്‍ഷം മുമ്പ് ലണ്ടനില്‍ വെങ്കലം സ്വന്തമാക്കിയ ഗഗന്‍ നരങ്ങ് എന്നിവര്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ്. ഇഷ്ട ഇനമായ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് അഭിനവ് മത്സരിക്കുന്നത്. ഒളിമ്പിക്‌സിന് ശേഷം വിരമിക്കുമെന്ന്‌
അഭിനവ് വ്യക്തമാക്കിയിട്ടുണ്ട്. അവസാന ഒളിമ്പിക്‌സിനിറങ്ങുമ്പോള്‍ സുവര്‍ണ്ണനേട്ടത്തോടെ നീണ്ടകാലത്തെ ഷൂട്ടിങ്ങ് കരിയറിന് ഉജ്ജ്വലമായ അവസാനം കുറിക്കാനാവും അഭിനവിന്റെ ശ്രമം. ഈയിനത്തില്‍ ഗഗനും മത്സരിക്കുന്നുണ്ട്. ബീജിംഗിലെ സ്വര്‍ണ്ണ നേട്ടത്തിന്റെ പകിട്ടുമായി കഴിഞ്ഞ തവണ ലണ്ടനിലെത്തിയ ബിന്ദ്ര നിരാശയോടെ മടങ്ങിയപ്പോള്‍ ഇന്ത്യക്ക് അപ്രതീക്ഷിത മെഡല്‍ സമ്മാനിച്ചതാണ് ഗഗന്‍. ആ നേ്ട്ടം ആവര്‍ത്തിക്കാനായാല്‍ ഒരിനത്തില്‍ രണ്ടിന്ത്യക്കാര്‍ പോഡിയത്തില്‍ നില്‍ക്കുന്നത് കാണാന്‍ ഒരു പക്ഷേ നമുക്ക് ഭാഗ്യം ലഭിച്ചേക്കും. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ കൂടാതെ മറ്റ് രണ്ട് വ്യക്തിഗത ഇനങ്ങളില്‍ കൂടി ഗഗന്‍ മത്സര രംഗത്തുണ്ട്.jitu2

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് ജിത്തു റായ് മത്സരിക്കുന്നത്. ഈ രണ്ടിനങ്ങളിലും ജിത്തു ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. കാരണം രണ്ടിലും ലോക റാങ്കിങ്ങില്‍ യഥാക്രമം മൂന്ന്, രണ്ട്‌ സ്ഥാനക്കാരനാണ് ജീത്തു. സമീപകാലത്ത് ലോകക്കപ്പുകളിലടക്കം സ്വര്‍ണ്ണവും സ്വന്തമാക്കിയിട്ടുണ്ട്. സമാനമായ പ്രകടനം ഒളിമ്പിക്‌സ് പോലൊരു വലിയ വേദിയില്‍ ആദ്യ അവസരത്തില്‍ തന്നെ ജിത്തുവിന് പുറത്തെടുക്കാന്‍ കഴിയുകയാണെങ്കില്‍ രണ്ടിനങ്ങളിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷിക്കാം. ജീ്ത്തുവിനൊപ്പം പരിശീലിക്കുന്ന ഗൂര്‍പ്രീത് സിങ്ങ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മത്സരിക്കുന്നുണ്ട്. പക്ഷെ ലോകറാങ്കിങ്ങില്‍ ഏറെ പിന്നിലാണ് ഈ താരം. ശേഷിക്കുന്നവരില്‍ റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ ഷൂട്ടര്‍ സ്‌കീറ്റില്‍ മതസരിക്കുന്ന മൈരാജ് അഹമ്മദ് ഖാനാണ്‌. ലോക റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്താണ് ഖാന്‍. ട്രാപ്പില്‍ മുന്‍ലോക ചാമ്പ്യനായ മാനവ് ജീത് സിങ് സദ്ദു, കൈനന്‍ ചെനായ്, 50 പീറ്റര്‍ പിസ്റ്റളില്‍ മത്സരിക്കുന്ന പ്രകാശ് നഞ്ചപ്പ, 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ മത്സരിക്കുന്ന ചെയിന്‍ സിങ്ങ് എന്നിവരാണ് റിയോയില്‍ മത്സരിക്കുന്ന മറ്റ് ഇന്ത്യന്‍ പുരുഷ ഷൂട്ടര്‍മാര്‍.

21heenaവനിതാ ഷൂട്ടര്‍മാരില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ വീക്ഷിക്കുന്നത് രണ്ടിനങ്ങളില്‍ മത്സരിക്കുന്ന മുന്‍ ലോക ഒന്നാംനമ്പര്‍ താരം ഹീന സദ്ദുവിലാണ്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മത്സരിക്കുന്ന കോമണ്‍ വെല്‍ത്ത് ഗെയിംസ് ചാമ്പ്യനായ അപൂര്‍വ്വ ചന്ദേലയും കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയ അയോണിക പോളുമാണ് മറ്റ് രണ്ട് വനിതാ ഷൂട്ടര്‍മാര്‍. മൂന്ന് പേരില്‍ റിയോയിലേക്ക് പോകാന്‍ ആദ്യം യോഗ്യത നേടിയത് അപൂര്‍വ്വിയാണ്. സൗത്ത് കൊറിയയില്‍ കഴിഞ്ഞ വര്‍ഷം അവസാനം നടന്ന ലോകകക്കപ്പില്‍ വെങ്കല മെഡല്‍ നേടിയാണ് അപൂര്‍വ്വി റിയോയിലേക്ക് ടിക്കറ്റുറപ്പിച്ചത്. 2015 മ്യൂനിച്ചില്‍ നടന്ന ലോകക്കപ്പില്‍ ചന്ദേല ലോക റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം കാഴ്ച വച്ചിരുന്നു. അത് കൊണ്ട് തന്നെ ഈ 23 കാരിയില്‍ നിന്ന് ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. ഏഷ്യന്‍ ക്വാളിഫയിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ സ്വന്താക്കിയാണ് അയോണിക റിയോയിലേക്ക്് യോഗ്യത നേടിയത്. ഇതിനകം നിരവധി ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് ഈ ഇരുപത്തിമൂന്നുകാരി. ആ അനുഭവസമ്പത്ത് റിയോയില്‍ പ്രകടിപ്പിക്കാനായാല്‍ ഇന്ത്യന്‍ വനിതാ നിരയിലെ കറുത്ത കുതിര ചിലപ്പോള്‍ അയോണിക ആയിരിക്കും. എന്തായാലും വനിതാ ഷൂട്ടര്‍മാരില്‍ നിന്ന് ഇന്ത്യ ചുരുങ്ങിയത് ഒരു മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്. ആ ്പത്രീക്ഷ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരമെന്ന റെക്കാര്‍ഡോവും മൂന്ന് പേരിലാര്‍ക്കായാലും സ്വന്തമാവുക.

ആഗ്‌സറ്റ് ആറിനാണ് ഷൂട്ടിങ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. പതിനാലോട് കൂടി അവസാനിക്കുകയും ചെയ്യും. ഇതിനിടയിലാണ് ലോകമെമ്പാടുമുള്ള 390 ഓളം ഷൂട്ടേര്‍സ് മത്സരിക്കാനിറങ്ങുന്നത്. പതിനഞ്ച് ഇനങ്ങളിലായി നാല്‍പ്പത്തഞ്ചോളം മെഡലുകളാണ് ഉന്നം പിഴയ്ക്കാത്ത ഷൂട്ടര്‍മാരെ കാത്തിരിക്കുന്നത്. അതില്‍ ചുരുങ്ങിയത് അരഡസന്‍ ഇന്ത്യന്‍ താരങ്ങളെങ്കിലുമുണ്ടാവും എന്ന് നമുക്കും പ്രതീക്ഷ പുലര്‍ത്താം.

Advertisement