എഡിറ്റര്‍
എഡിറ്റര്‍
റിമ കല്ലിങ്കലും ആഷിഖ് അബുവും വിവാഹിതരായി
എഡിറ്റര്‍
Friday 1st November 2013 2:48pm

rima-and-aashiq-marriage

കൊച്ചി: താരപ്പൊലിമയില്ലാത്ത താരവിവാഹത്തിന് കാക്കനാടുള്ള തൃക്കാക്കര സബ് രജിസ്ട്രാര്‍ ഓഫീസ് സാക്ഷിയായി. നടി റിമ കല്ലിങ്കലും സംവിധായകന്‍ ആഷിഖ് അബുവും  ഉച്ചയ്ക്ക് 12.30 ഓടെയാണ് വിവാഹിതരായത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. പി. രാജീവ് എംപിയുടെ കാറിലാണ് അദ്ദേഹത്തിനൊപ്പം റിമയും ആഷിഖും രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയത്.

വെള്ള സാരിയും സില്‍വര്‍ ബോര്‍ഡറുള്ള കറുത്ത ബ്ലൗസുമായിരുന്നു റിമയുടെ വേഷം. വിവാഹ രജിസ്റ്ററില്‍ ഒപ്പിട്ട ഇരുവരും, പിന്നീട് നിയാനുസൃത ഭാര്യയും ഭര്‍ത്താവുമായി പരസ്പരം സ്വീകരിക്കുന്നതായി മൂന്നു തവണ ഏറ്റു പറഞ്ഞു.

അതിന് ശേഷം ചുവന്ന റോസാ പുഷ്പങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച മാല പരസ്പരം ചാര്‍ത്തിയതോടെ വിവാഹ ചടങ്ങുകള്‍ അവസാനിച്ചു. ആഷിഖിന്റെ സഹോദരന്‍ ആബിദ്, റിമയുടെ സഹോദരന്‍ അഭിലാഷ്, ഇരുവരുടെയും സുഹൃത്ത് സന്തോഷ് എന്നിവരായിരുന്നു സാക്ഷികള്‍.

വിവാഹ ശേഷവും താന്‍ അഭിനയം തുടരുമെന്ന് വിവാഹ ശേഷം റിമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിവാഹ ശേഷം ഇരുവരും ആഷിഖിന്റെ വീട്ടിലേക്ക് പോയി.

വിവരമറിഞ്ഞ് അനുമോദിക്കുകയും ആശംസിക്കുകയും ചെയ്ത എല്ലാവരോടും നന്ദി പറയുന്നതായി ആഷിക്കും പറഞ്ഞു. നടന്‍ രവീന്ദ്രന്‍, മണിയന്‍ പിളള രാജു, നിര്‍മാതാവ് രഞ്ജിത് തുടങ്ങിയവര്‍ മാത്രമായിരുന്നു സിനിമാരംഗത്തു നിന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രമുഖര്‍.

രാവിലെ മുതല്‍ തന്നെ ഇരുവരെയും കാണാന്‍ നിരവധി ആരാധകര്‍ രജിസ്ട്രാര്‍ ഓഫീസിലെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ വലിയ തിരക്കായിരുന്നു.

Advertisement