സിനിമയിലെ നായകന്‍മാരില്‍ ഇപ്പോഴും വലിയൊരു ശതമാനം പേരും നായക തുല്യ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് പിടിവാശിയുള്ളവരാണെന്ന് നടി റിമ കല്ലിങ്കല്‍. ഇക്കാര്യത്തില്‍ കുഞ്ചാക്കോ ബോബന്‍ മാത്രമാണ് ഒരു അപവാദമെന്നും പുതിയ ലക്കം ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ റിമ പറയുന്നു.

നായികാ പ്രാധാന്യമുള്ള സിനിമയില്‍ നിന്നും ഒരു നായക നടന്‍ പിന്‍മാറിയ അനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് റിമ.

‘ഞാന്‍ ചെയ്യാനിരിക്കുന്ന ഒരു സിനിമയുണ്ട്. ഒരു വനിതാ വോളിബോള്‍ കളിക്കാരിയുടെ ജീവിതകഥ. അതില്‍ നായികയ്ക്കാണ് പ്രാധാന്യം. നായകനാവാമോ എന്ന് ഒരു നടനോട് ചോദിച്ചു. അയാള്‍ പറഞ്ഞു: ‘ഞാന്‍ നായകന് പ്രാധാന്യമുള്ള സിനിമയില്‍ മാത്രമേ അഭിനയിക്കൂ.’ ആരാണ് ഇങ്ങന പറയാത്തത്? കുഞ്ചാക്കോ ബോബന്‍ മാത്രമാണ് ഒരു അപവാദം. ആ അര്‍ഥത്തില്‍ ഒരു പ്രതിഭാസമാണ് ചാക്കാച്ചന്‍.

നായികമാരും ഇങ്ങനെ പറഞ്ഞാല്‍ എന്താവും സ്ഥിതി. മാധ്യമങ്ങള്‍ക്കുമുണ്ട് ഈ വിവേചനം. സുരഭിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടി. ഒരു ക്വാര്‍ട്ടര്‍ പേജ് ഫോട്ടോയെങ്കിലും കൊടുത്തോ ആരെങ്കിലും.? അതിന് പകരം ഒരു നായകനടനായിരുന്നെങ്കിലോ?’ – റിമ ചോദിക്കുന്നു.

സ്‌ക്രിപ്റ്റുമായി സംവിധായകര്‍ വരുമ്പോ നടിമാര്‍ ചോദിക്കണം. ഇതില്‍ എന്താ എനിക്ക് ചെയ്യാനുള്ളത് എന്ന്. ഒരു വിലയുമില്ലാത്ത റോളുകള്‍ ചെയ്യുന്നതിലും ഭേദം ഒന്നും കിട്ടാതെ വീട്ടിലിരിക്കുന്നതല്ലേയെന്നും റിമ പറഞ്ഞു.