സിബി മലയിലിന്റെ പുതിയ ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പിലെത്തുകയാണ് റിമ കല്ലിങ്കല്‍. ഉന്നമെന്ന ചിത്രത്തിലാണ് റിമ പുത്തന്‍ സ്റ്റൈല്‍ പുറത്തെടുക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രങ്ങളായ അപൂര്‍വ്വരാഗത്തിലും വയലിനിലും നായക കഥാപാത്രത്തെ അവതരിപ്പിച്ച ആസിഫ് അലി തന്നെയാണ് ഉന്നത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മര്‍ഡര്‍ 2വിലൂടെ പ്രശസ്തനായ പ്രശാന്ത് നാരായണനും ഉന്നത്തില്‍ ശ്രദ്ധേയകഥാപാത്രമായെത്തുന്നുണ്ട്.

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മടി കാണിക്കാത്ത റിമയുടെ പുതിയ അപ്പിയറന്‍സാണ് ഉന്നത്തില്‍ കാണാനാകുക. മുടി വെട്ടി, അല്പം ബോള്‍ഡ് ലുക്ക് വരുത്തിയാണ് റിമയെ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിലെ തന്റെ കഥാപാത്രം തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന് റിമ പറയുന്നു. തന്റെ അപ്പിയറന്‍സില്‍ മാത്രമല്ല, കഥാപാത്രത്തിലും ഏറെ പുതുമയുണ്ടെന്ന് റിമ.

നെടുമുടി വേണു, ശ്വേത മേനോന്‍, ചിത്ര അയ്യര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഡേവിഡ് കച്ചപ്പള്ളിയാണ് ചിത്രം നിര്‍മ്മിയ്ക്കുന്നത്. അജയന്‍ വിന്‍സന്റ് ക്യാമറയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം ജോണ്‍ പി വര്‍ക്കിയാണ്. തിരുവോണ ദിനം ചാലക്കുടിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.