ഹവാന: ബ്ലാക്ക്‌ബെറിയിലൂടെയുള്ള ചില സേവനങ്ങള്‍ നിരീക്ഷണവിധേയമാക്കാന്‍ സഹായിക്കുന്ന സംവിധാനം കൊണ്ടുവരാമെന്ന് നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം). ക്ലൗഡ് കമ്പ്യൂട്ടിംഗിലൂടെയാണ് ഇത്തരമൊരു സംവിധാനം രൂപീകരിച്ചതെന്നും റിം വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണയായി ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സെര്‍വറിലോ അല്ലെങ്കില്‍ സെര്‍വറിന്റെ ക്ലയന്റ് കമ്പ്യൂട്ടറുകളിലോ ആയിരിക്കും സൂക്ഷിക്കുക. എന്നാല്‍ ഇതിനുപകരം സെര്‍വ്വറുകള്‍ ഇന്റര്‍നെറ്റില്‍തന്നെ സ്ഥിതിചെയ്യുന്നതിനെയാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നുപറയുന്നത്. വെബ്‌സെര്‍വ്വറുകളെ ഒരു കമ്പ്യൂട്ടറിനുള്ളില്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുകയും ഇന്റര്‍ഫെയ്‌സ് സേവനം വഴി ഉപയോക്താക്കളെ സ്വീകരിക്കാന്‍ അനുവദിക്കുകയുമാണ് ക്ലൗഡ് കമ്പ്യൂട്ടിംഗിലൂടെ ചെയ്യുന്നത്.

ജനുവരി 30നുള്ളില്‍ ബ്ലാക്ക്‌ബെറിയുടെ ഈ മെയില്‍, മെസ്സെന്‍ജര്‍ സേവനങ്ങള്‍ നിരീക്ഷണവിധേയമാക്കാനുള്ള സംവിധാനം കൊണ്ടുവരണമെന്നാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. തങ്ങളുടെ സേവനങ്ങള്‍ പരിശോധിക്കാന്‍ സഹായിക്കുന്ന സെര്‍വര്‍ ഇന്ത്യയില്‍ സ്ഥാപിക്കണമെന്ന നിര്‍ദേശത്തോട് അനുകൂലമായിട്ടായിരുന്നില്ല റിമ്മിന്റെ പ്രതികരണം.