സി.പി രാമസ്വാമി തിരുവിതാംകൂര്‍ ദിവാനായിരുന്ന കാലത്ത് ഒരിക്കല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദദാന ചടങ്ങില്‍ ഒന്നാം റാങ്കുകാരനായ വിദ്യാര്‍ഥി പങ്കെടുത്തിരുന്നില്ല.

തിരുവിതാംകൂര്‍ രാജാവ് ഈ അഭാവത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ട്. ആയിരത്താണ്ടുകളുടെ വിവേചനത്തിന്റെയും അയിത്തത്തിന്റെയും ഊഹിക്കാനാവാത്ത ദാരിദ്ര്യത്തിന്റെയും ക്രൂരമായ വിശപ്പിന്റെയും ഇരുണ്ട അപര ഇന്ത്യയില്‍ നിന്നൊരാള്‍. സ്വന്തം ഇച്ഛയുടെ എല്ലുറപ്പു മാത്രം കൈമുതലായുള്ള ഒരു ദളിത് വിദ്യാര്‍ഥി ആയിരുന്നു അത്.

തന്റെ ജന്മത്തെയും വംശത്തെയും അപമാനിച്ച ദിവാനോടുള്ള പ്രതിഷേധ സൂചകമായാണ്, താന്‍ ഏറ്റവും ശ്രദ്ധാകേന്ദ്രം ആകുമായിരുന്ന ഒരിടം ഒരു ഗൃഹാതുരത്വവുമില്ലാതെ ആ ചെറുപ്പക്കാരന്‍ ഉപേക്ഷിച്ചത്. ജീവിതം തന്നെ സമരമെന്ന് തിരിച്ചറിഞ്ഞ ആ വലിയ ജീവിതത്തെ നാം കെ.ആര്‍ നാരായണന്‍ എന്ന് വിളിച്ചു.


Also Read:നോമ്പ് തുടങ്ങിയാല്‍ മലപ്പുറത്ത് ഒരു ഹിന്ദുവിനും പച്ചവെള്ളം കുടിക്കാന്‍ പറ്റില്ല; തീവ്ര വര്‍ഗീയ പരാമര്‍ശവുമായി വീണ്ടും ഗോപാലകൃഷ്ണന്‍


ഉള്ളവര്‍ക്ക് ഉപേക്ഷിക്കലാണ് സമരം. ഇല്ലാത്തവര്‍ക്ക്, എല്ലാം കവര്‍ന്നെടുക്കപ്പെട്ടവര്‍ക്ക് നേടിയെടുക്കലാണ് സമരം. അതുകൊണ്ട് ഔദ്യോഗിക തലത്തിലും രാഷ്ട്രീയത്തിലും നാരായണന്‍ നേടിയതൊക്കെ, നമ്മുടെ ജനാധിപത്യ മോഹങ്ങളുടെ നേട്ടങ്ങളാണ്. ചളിയിലാഴ്ത്തപ്പെട്ടവരുടെ ആകെ നേട്ടങ്ങളാണ്.

കേരളാ നിയമസഭയില്‍ ഇടതുവലതുകക്ഷികള്‍ ഒരുമിച്ചു പാസാക്കിയ ആദിവാസി വിരുദ്ധബില്‍ തിരിച്ചയച്ചും ചില സംസ്ഥാന സര്‍ക്കാരുകള്‍ പിരിച്ചു വിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് തള്ളിയും തന്റെ രാഷ്ട്രപതി ജീവിതം അദ്ദേഹം ചരിത്രമാക്കി.

പക്ഷെ, ഇന്ത്യ ഇന്നുകാണുംവിധം അന്യവിദ്വേഷത്തിന്റെ അസംബന്ധങ്ങള്‍ ഭരിക്കുന്ന ഇടമാക്കി മാറ്റുന്നതിന്റെ ഏറ്റവും ഫലപ്രദമായ പരീക്ഷണങ്ങള്‍ നടക്കുന്നൊരു കാലത്തേ രാഷ്ട്രപതികൂടി ആയിരുന്നു അദ്ദേഹം. അംബേദ്കറുടെ പ്രതിമയില്‍ ചെരുപ്പ് മാലയണിച്ച മുംബൈയിലെ ദളിത് വിരുദ്ധ കലാപം, ഗ്രഹാം സ്‌റ്റൈന്റെയും കുടുംബത്തിന്റെയും കൂട്ടക്കൊല, കാര്‍ഗിലിലെ പാക് അധിനിവേശത്ത ( തീര്‍ച്ചയായും അതൊരു യുദ്ധമല്ല, പാകിസ്ഥാന്‍ നടത്തിയ ഏകപക്ഷീയമായ കയ്യേറ്റവും അധിനിവേശവുമാണ്. സ്വന്തം മണ്ണില്‍ പ്രതിരോധിക്കുക മാത്രമാണ് ഇന്ത്യ ചെയ്തത്. ) മുന്‍നിര്‍ത്തിയുള്ള തീവ്രദേശീയത പ്രചാരണങ്ങള്‍ തുടങ്ങിയവ.

ചരിത്രത്തിന്റെ തിരക്കിട്ട കുളമ്പടി വേഗങ്ങളില്‍ പിറകിലായിപ്പോയ, അകലേക്ക് തെറിച്ചുപോയ മനുഷ്യരുടെ നിസ്സഹായതയും നിരാശയും കൂട്ടിത്തുന്നിയതാണ് ഇന്ത്യ എന്നദ്ദേഹം നിരന്തരം വേദനിച്ചു. താന്‍ ഉയിര്‍ത്തുവന്നിടങ്ങളില്‍ ഇപ്പോഴും വീണുകിടക്കുന്ന മനുഷ്യര്‍.

ഗാന്ധിവധത്തിനും ബാബരിപള്ളി തകര്‍ക്കലിനും ശേഷം അക്രമഹിന്ദുത്വത്തിന്റെ മാരകപരീക്ഷണശാലയായിരുന്നു ഗുജറാത്ത്. ബാബരിപള്ളി തകര്‍ത്ത സംഭവം ഗാന്ധിവധത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

നെഞ്ചിലേ നെരിപ്പോടുമായ് ഇതിനൊക്കെ സാക്ഷിയാവേണ്ടി വന്ന നിസ്സഹായതയുടെ പേരാണ്, ചിലപ്പോഴെങ്കിലും കെ.ആര്‍ നാരായണന്‍ .

ഇന്നിപ്പോള്‍ ഹിന്ദുത്വ അതിന്റെ പരീക്ഷണ ശാലയില്‍ പരുവപ്പെടുത്തിയ ഒരു ദളിത് പ്രതിനിധി നമ്മുടെ രാഷ്ട്രപതി ഭവനത്തിലേക്ക് തന്റെ ചുവടുകള്‍ ആരംഭിട്ടുണ്ട്. കമ്മ്യൂണലിസവും കോര്‍പ്പറേറ്റിസവും കൂടിച്ചേര്‍ന്ന ഈ ആധുനിക ഹിന്ദുത്വ വാദം എങ്ങനെ ഒരു ദളിതനെ പരിഗണിക്കുന്നു എന്ന് നമ്മുടെ നടപ്പുശീലങ്ങള്‍ മൂക്കത്ത് വിരല്‍വച്ചു തുടങ്ങിയിട്ടുണ്ട്.

ഈ വഴക്കമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ജനപ്രിയതയുടെ അനേകം കാരണങ്ങളില്‍ ഒന്ന്. ഇരട്ടപ്പേരു വിളിച്ചും കളിയാക്കിയും നിങ്ങള്‍ തൂക്കി മനസ്സിലാക്കിയതല്ല ഹിന്ദുത്വയുടെ ബൗദ്ധിക പിന്‍ബലം. അതിന്റെ പ്രയോഗ മാതൃകകള്‍. തങ്ങളുടെ തന്നെ കുഴിതോണ്ടുന്ന ആശയസംഹിതകള്‍ക്ക് വേണ്ടി, പിന്നാക്ക ദളിത് വിഭാഗങ്ങളെ കൊണ്ട് അത് ആയുധമെടുപ്പിക്കും. (രാജ്യം കണ്ട കലാപങ്ങളില്‍ സമ്പന്ന മുന്നാക്കക്കാരാണ് ആയുധമേന്തി കൊലവിളി നടത്തിയത് എന്നാണോ നിങ്ങള്‍ കരുതുന്നത് ?

തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന പാര്‍ട്ടികളെ കൊണ്ട് അത് ശ്രീകൃഷ്ണജയന്തി റാലികള്‍ നടത്തിക്കും. സമൂഹയോഗയും ശീര്‍ഷാസനവും ചെയ്യിക്കും. നിങ്ങളുടെ ട്രോളുകള്‍ അവരുടെ നേതാക്കളുടെ പ്രചാരണ പോസ്റ്ററുകള്‍ ആകും. തങ്ങള്‍ക്കു വിത്തിറക്കാനുള്ള മണ്ണ് എതിരാളികളെ കൊണ്ട് ഉഴുവിക്കുന്ന അനിതര സാധാരണമായ തന്ത്രത്തിന്റെ പേരാണ് രാഷ്രീയ ഹിന്ദുത്വ.

ജനാധിപത്യം പുറമേ പറയുകയും ഉള്ളില്‍ മനുവാദത്തെ പ്രതിഷ്ഠിക്കുകയും ചെയ്യുന്ന, ഹൈക്കമാന്റിലും പോളിറ്റ് ബ്യുറോയിലും കീഴാള പ്രാതിനിധ്യം മരുന്നിനു പോലും വേണം എന്ന് ഇന്നുവരെ തോന്നാതിരുന്ന ജനാധിപത്യ പാര്‍ട്ടികളുടെ കുറ്റകരമായ ഉദാസീനത കൂടിയാണ് വിളവെടുക്കാന്‍ പോവുന്നത്.