ന്യൂദല്‍ഹി: നിഷേധ വോട്ടും ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശവും അനുവദിക്കാന്‍ കഴിയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ്.വൈ.ഖുറൈശി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തിരിച്ചു വിളിക്കാനും സ്ഥാനാര്‍ത്ഥികളെ തള്ളിക്കളയാനും വോട്ടര്‍മാര്‍ക്ക് അവകാശം നല്‍കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് പരിഷ്‌കാരം വേണമെന്ന് അണ്ണാ ഹസാരെ സംഘം വാദിച്ചിരുന്നു.

ഇത്തരം അവകാശങ്ങള്‍ ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് പ്രായോഗികമല്ലെന്നും ഇത് രാജ്യത്തെ ശിഥിലമാക്കുമെന്നും ഹസാരെ സംഘത്തിന്റെ വാദങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ഖുറേശി വിശദമാക്കി. അതേസമയം, തെരഞ്ഞെടുപ്പ് ചെലവുകള്‍ കുറക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹസാരെ സംഘവുമായി ഉടന്‍ ചര്‍ച്ചചെയ്യാന്‍ ഒരുക്കമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നയം വ്യക്തമാക്കിയത്. അതേസമയം, കമ്മീഷനിലെ മറ്റു രണ്ടംഗങ്ങള്‍ക്കുകൂടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പദവി നല്‍കി ഇലക്ഷന്‍ കമ്മീഷനെ മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം അദ്ദേഹം മുന്നോട്ടുവെച്ചു.