എഡിറ്റര്‍
എഡിറ്റര്‍
സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി
എഡിറ്റര്‍
Thursday 24th August 2017 10:51am

ന്യൂദല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഒമ്പതംഗം ബെഞ്ചിന്റേതാണ് വിധി. ഐക്യകണ്‌ഠേനയാണ് ബെഞ്ച് വിധിപ്രഖ്യാപിച്ചത്. അതേ സമയം ആധാര്‍ സ്വകാര്യതയുടെ ലംഘനമാണോയെന്ന വിഷയത്തില്‍ കോടതി അഭിപ്രായം പറഞ്ഞില്ല. ഇക്കാര്യം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

സ്വകാര്യത ജീവിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുത്തി. ഭരണഘടനയുടെ 21ന്റെ ഭാഗമായാണ് സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി വിധിച്ചത്. ഇതോടെ  സ്വകാര്യത മൗലികാവകാശമല്ലെന്ന 1952ലെയും 1962ലെയും കോടതിയുടെ വിശാലബെഞ്ചുകളുടെ വിധികള്‍ അസാധുവാകും.

ബെഞ്ചിന്റെ ഈ വിധി ചുവട്പിടിച്ചായിരിക്കും ആധാര്‍കേസില്‍ നിലപാടെടുക്കുക. കോടതിയുടെ വിധി ആധാറുമായി ബന്ധപ്പെട്ട വിവരശേഖരണത്തെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ ജഡ്ജിമാരായ ജെ ചെലമേശ്വര്‍, എസ്എ ബോബ്‌ഡെ, ആര്‍കെ അഗര്‍വാള്‍, ആര്‍എഫ് നരിമാന്‍, എഎം സപ്രെ, ഡിവൈ ചന്ദ്രചൂഢ്, എസ്‌കെ കൗള്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍.

ആധാര്‍ നിര്‍ബന്ധമാക്കുന്നത് ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം നിഷേധിക്കുകയാണെന്ന ഹരജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിട്ടിരുന്നു. കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആധാര്‍ സ്വകാര്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതോയെന്ന ചോദ്യം ഒന്‍പതംഗ ബെഞ്ചിനു വിടുകയായിരുന്നു.

കേസില്‍ കോടതി ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടിരുന്നു. ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുവാന്‍ മാറ്റിവെക്കുകയായിരുന്നു.

Advertisement