തിരുവനന്തപുരം : പത്താം ക്ലാസ്സ് വരെ സ്‌കൂളുകളില്‍ ഇനി തോല്‍വിയില്ല. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സര്‍വശിക്ഷ അഭിയാനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. എസ്.എസ്.എയുടെ പ്രോഗ്രാം അംഗീകാര ബോര്‍ഡ് ഈ നിര്‍ദേശത്തിന് അനുമതി നല്‍കുകയും കഴിഞ്ഞ ദിവസം അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ ഈ നിര്‍ദേശം അവതരിപ്പിക്കുകയും ചെയ്തു. നിലവില്‍ ഒന്നും രണ്ടും ക്ലാസില്‍ മാത്രമുള്ള ഓള്‍ പ്രൊമോഷന്‍ ഇനി മൂന്നാംക്ലാസ് മുതല്‍ എല്ലാ ക്ലാസുകളിലും നല്‍കണമെന്ന നിര്‍ദേശം വന്നതോടെയാണിത്.

ഡി ഗ്രേഡിന് താഴെയുള്ള ഇ ഗ്രേഡ് ലഭിക്കുന്നവരെ തോല്പിക്കുന്ന രീതിയാണ് നിലനില്‍ക്കുന്നത്. നിരന്തര മൂല്യനിര്‍ണയത്തില്‍ പരിഷ്‌കരണം കൊണ്ടു വന്നും അധ്യാപനം മെച്ചപ്പെടുത്തിയും ആരും തോല്‍ക്കാത്ത സ്ഥിതി ഉണ്ടാക്കണമെന്നാണ് നിര്‍ദേശം. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാകുന്നതോടെ സ്‌കൂള്‍തലത്തില്‍ ആരും തോല്‍ക്കാത്ത സ്ഥിതിയുണ്ടാക്കാനാണ് എസ്.എസ്.എ. ശുപാര്‍ശ.

സംസ്ഥാനത്തെ സാധ്യായ ദിവസങ്ങള്‍ എല്‍.പിയില്‍ 200 ഉം യു.പിയില്‍ 220 ഉം ആക്കി കൂട്ടണമെന്നാണ് മറ്റൊരു നിര്‍ദേശം. അഞ്ചാം ക്ലാസ്എല്‍.പിയിലേക്ക് മാറ്റണമെന്നാണ് വിദ്യാഭ്യാസ അവകാശനിയമത്തിലെ മറ്റൊരു നിര്‍ദേശം. കുട്ടികളുടെ പഠനക്ലേശം ലഘൂകരിക്കാന്‍ വേണ്ടിയാണിത്.

സംസ്ഥാനത്ത് കുറവുള്ള 30 പ്രൈറിയുടെയും രണ്ട് യു.പിയുടെയും കുറവ് നികത്തുക, ഒന്നാംക്ലാസില്‍ ചേരാനുള്ള പ്രായം ആറ് വയസ്സായി നിജപ്പെടുത്തുക, അധ്യാപക പരിശീലനത്തിനുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍ ക്ലസ്റ്റര്‍ തലത്തില്‍ ആരംഭിച്ച് പരിശീലകരെ നിയമിക്കുക എന്നിവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.