radhakumarന്യൂദല്‍ഹി: കശ്മീരിലെ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്താന്‍ നിയോഗിച്ച മധ്യസ്ഥ സംഘം പിളര്‍പ്പിന്റെ വക്കില്‍. സംഘത്തിലെ മുന്‍ വിവരാവകാശ കമ്മീഷണറായ എം.എം അന്‍സാരിക്കൊപ്പം പ്രവര്‍ത്തിക്കാനാവില്ലെന്ന് വ്യക്തമാക്കി കൊണ്ട് സംഘത്തിലെ മറ്റൊരു അംഗമായ രാധാകുമാര്‍ കേന്ദ്ര മന്ത്രിക്ക് കത്തെഴുതിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂറോപ്പിലെ ട്രാന്‍പൂ അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു കാശ്മീര്‍ സെമിനാറില്‍ രാധാകുമാര്‍ പങ്കെടുത്തതിനെ അന്‍സാരി വിമര്‍ശിച്ചിരുന്നു. സെമിനാറിന്റെ സംഘാടകന്‍ അബ്ദുള്‍ മജീദ് ട്രാന്‍പൂവിന് പാകിസ്ഥാനുമായും അടുത്തിടെ ഐ.എസ്.ഐ ബന്ധത്തിന്റെ പേരില്‍ എഫ്. ബി. ഐ കസ്റ്റഡിയിലായ സയ്യിദ് ഗുലാം നബി ഫായിയുമായും ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അന്‍സാരി വിമര്‍ശനം ഉന്നയിച്ചിരുന്നത്.

അതേസമയം കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് 2006 ല്‍ താന്‍ സെമിനാറില്‍ പങ്കെടുത്തതെന്ന് രാധാകുമാര്‍ വ്യക്തമാക്കി. ജി. പാര്‍ത്ഥസാരഥി തന്നെ അനുഗമിക്കുകയും ചെയ്തിരുന്നു. സംഘത്തിലെ തന്റെ ചുമതല താന്‍ നിര്‍വ്വഹിക്കുമെന്നും എന്നാല്‍ അന്‍സാരിയുടെ കൂടെ മീറ്റിംഗുകളില്‍ പങ്കെടുക്കില്ലെന്നും കേന്ദ്രത്തിനയച്ച കത്തില്‍ രാധാകുമാര്‍ വ്യക്തമാക്കുന്നു. മധ്യസ്ഥ സംഘത്തിനനുവദിച്ച പ്രതിഫലവും ഇനി താന്‍ കൈപറ്റില്ലെന്നും രാധാകുമാര്‍ പറഞ്ഞതായി അറിയുന്നു.

അതേസമയം, മധ്യസ്ഥ സംഘത്തില്‍ നിന്നും രാധാകുമാര്‍ ഒഴിയുന്നു എന്ന വാര്‍ത്ത കേന്ദ്രം നിഷേധിച്ചു. കശ്മീരിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായാണ് മൂന്നംഗ മധ്യസ്ഥസംഘത്തെ കേന്ദ്രം രൂപീകരിച്ചത്. പ്രശസ്ത പത്രപ്രവര്‍ത്തകനായ ദിലീപ് പദ്‌ഗോംകാര്‍ ആണ് സംഘത്തിലെ മറ്റൊരു അംഗം.