കൊച്ചി:  മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇറ്റാലിയന്‍ കപ്പലായ ‘എന്റിക ലെക്‌സിയില്‍’ നിന്ന് പിടിച്ചെടുത്ത  ആയുധങ്ങള്‍  കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍  ഹാജരാക്കി. രാവിലെ 10.15 ഓടെയാണ് ഹാര്‍ബര്‍ പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ പൊലീസ് വാനില്‍ കോടതിയിലെത്തിച്ചത്.

നാല് പെട്ടികളിലായി സൂക്ഷിച്ചിട്ടുള്ള ആയുധങ്ങള്‍ പരിശോധിച്ച് തിട്ടപ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണ്. നടപടി പൂര്‍ത്തിയായതിന് ശേഷം  കോടതി അനുമതിയോടെ തിരുവനന്തപുരത്തെ ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധിക്കും.

പിടിച്ചെടുത്ത തോക്കുകളെ കുറിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണിതെന്നാണ് വിശദീകരണം.

ശനിയാഴ്ച കപ്പലില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഉച്ചയോടെ ആരംഭിച്ച പരിശോധന ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. പുലര്‍ച്ചെ രണ്ടരയോടെ ആയുധങ്ങള്‍ നാല് പെട്ടികളിലാക്കി കപ്പലിലെ ക്രെയ്ന്‍ ഉപയോഗിച്ച്  എണ്ണ ടാങ്കര്‍ ബെര്‍ത്തില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് പ്രത്യേക ബോട്ടില്‍ ഹാര്‍ബര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.കപ്പലിലെ സാങ്കേതികകാര്യങ്ങള്‍ കോസ്റ്റ് ഗാര്‍ഡും ആയുധങ്ങള്‍ നേവി സംഘവും പരിശോധിച്ചു.

വിരലടയാള, ബാലിസ്റ്റിക് വിദഗ്ദ്ധരും വിശദമായ പരിശോധനകള്‍ നടത്തി തെളിവെടുത്തു. ഇറ്റാലിയന്‍ അധികൃതരുടെ ആവശ്യപ്രകാരം സാങ്കേതികവിദഗ്ദ്ധരായ മേജര്‍ ഫ്‌ളേവസ് ലൂക്കാ, മേജര്‍ പഌറ്റിനി പോളോ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഉന്നതതല ഇറ്റാലിയന്‍ സംഘവും എത്തിയിരുന്നു.

ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയാവും വെടിയുതിര്‍ത്ത തോക്ക് ഏതെന്ന് സ്ഥിരീകരിക്കുക. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എം.ആര്‍. അജിത് കുമാര്‍, കൊല്ലം കമീഷണര്‍ ദേബേഷ് കുമാര്‍ ബഹ്‌റ എന്നിവര്‍ക്ക് പുറമെ കോസ്റ്റ് ഗാര്‍ഡ്, നാവികസേന,ഫോറന്‍സിക്,റവന്യൂ ഉദ്യോഗസ്ഥരടക്കം 40 ഓളം പേര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

കൊച്ചിയില്‍ പിടിച്ചിട്ടിരിക്കുന്ന കപ്പല്‍ വിട്ടുനല്‍കുന്നതിന് തീരുമാനമൊന്നും ആയില്ല. ഹൈക്കോടതിയില്‍ നിന്നുള്ള തീരുമാനപ്രകാരമേ ഇക്കാര്യത്തില്‍ നടപടിയുണ്ടാകൂ. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാനാണ് പോലീസ് ശ്രമം. പരിശോധനയില്‍ വിവിധ വകുപ്പുകളും ഇറ്റലി അധികൃതരും പൂര്‍ണമായി സഹകരിച്ചെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു.

ഇപ്പോള്‍ കസ്റ്റഡിയുള്ള ഇറ്റാലിയന്‍ നാവികരുടെ കസ്റ്റഡി നീട്ടുമോയെന്ന ചോദ്യത്തിന് അന്വേഷണ സംഘമാണ് തീരുമാനമെടുക്കുകയെന്നായിരുന്നു മറുപടി. കപ്പല്‍ പൂര്‍ണമായി കസ്റ്റംസ് അധികൃതരും പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കസ്റ്റംസ് പോലീസിന് കൈമാറും.

ഇറ്റാലിയന്‍ സംഘം പൂര്‍ണമായും പരിശോധനയോട് സഹകരിച്ചിട്ടുണ്ട്.  പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇറ്റാലിയന്‍ മിലിട്ടറി അറ്റാഷെ ക്യാപ്റ്റന്‍ ഫ്രാങ്കൊ ഫെറോയെക്കൊണ്ട് രേഖകളില്‍ ഒപ്പുവെപ്പിച്ചു.  പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന  ഇറ്റാലിയന്‍ നാവികസേനാ ഉദ്യോഗസ്ഥരായ ലെസ്‌റ്റോറെ മാര്‍സി മിലാനോ, സാല്‍വത്തോറെ ഗിറോണെ എന്നിവരെ അടുത്തദിവസം കപ്പലില്‍ എത്തിച്ച് തെളിവെടുക്കും.

Malayalam News

Kerala News In English