എഡിറ്റര്‍
എഡിറ്റര്‍
റിഫയുടെ ചര്‍ച്ചാ സമ്മേളനം; പതിനാറാം ലോക്‌സഭ ആര്‍ക്ക്?
എഡിറ്റര്‍
Wednesday 5th March 2014 9:43am

rifa-1

റിയാദ്: റിഫ (റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍) യുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി റിഫ അംഗങ്ങളുടെ വിവിധ കലാപരിപാടികളും  ‘പതിനാറാം ലോകസഭ ആര്‍ക്ക്?’ എന്ന വിഷയത്തില്‍ റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചര്‍ച്ചാസമ്മേളനവും നടന്നു.

പ്രതിമാസ പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ചേമ്പില്‍ മോഹന്‍ദാസ്  നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജിമ്മി പാള്‍സണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരെ സദസ്സിനു പരിചയപ്പെടുത്തി.

പതിനാറാം ലോകസഭയിലേക്ക് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കെ, പ്രധാന കക്ഷികളുടെയും മുന്നണികളുടെയും ജയപരാജയ സാധ്യതകളുടെ കണക്കെടുപ്പിനെക്കാളുപരി തങ്ങളുടെ ഇതപര്യന്തമുള്ള പ്രവര്‍ത്തനവും കാഴ്ചപ്പാടുകളും ജനങ്ങള്‍ക്ക് മുന്‍പില്‍ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് ഈ ചര്‍ച്ച കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചര്‍ച്ച നിയന്ത്രിച്ച ആര്‍ മുരളീധരന്‍ ആമുഖമായി പറഞ്ഞു.

ലോക്പാല്‍ നിയമം, വിദ്യാഭ്യാസം, ഊര്‍ജൊല്‍പ്പാദനം, കര്‍ഷകക്ഷേമം, ഭക്ഷ്യ സുരക്ഷ, സാമൂഹ്യ സുരക്ഷ, അടിസ്ഥാനവികസനം, ആധാര്‍ കാര്‍ഡിന്റെ നടപ്പിലാക്കല്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കിയത്, ആരോഗ്യ പരിപാലനം, പ്രവാസി ക്ഷേമം, ഗ്രാമോദ്ധാരണം, വിവരാവകാശ നിയമം നടപ്പിലാക്കിയത്, ഇന്ത്യ അമേരിക്ക ആണവക്കരാര്‍ തുടങ്ങി വൈവിധ്യമായ മേഖലകളില്‍ ഒന്നും രണ്ടും യു പി എ സര്‍ക്കാറുകള്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കിയെന്നും അതിനാല്‍ തങ്ങള്‍ തുടങ്ങിവച്ച ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്  മൂന്നാം തവണയും അധികാരത്തില്‍ വരുന്നതിനു  തങ്ങള്‍ക്കു അര്‍ഹതയുണ്ടെന്നു യു പി എ യുടെ പ്രതിനിധിയായി സംസാരിച്ച ജയശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

ജനങ്ങളുമായി ബന്ധമില്ലാത്ത, അരാഷ്ട്രീയക്കാരനായ, തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത, ദുര്‍ബലനായ, മറ്റാരുടെയോ ഔദാര്യത്തില്‍ മാത്രം രാഷ്ട്രത്തിന്റെ തലപ്പത്തിരുന്ന കേവലമൊരു കമ്പനി സി ഇ ഓയെപ്പോലെ മാത്രമായിരുന്നു ഒന്നും രണ്ടും യു പി എ ഭരണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചെയ്തതെന്ന് എന്‍ ഡി എ പ്രതിനിധിയായി എത്തിയ ദീപക് പറഞ്ഞു.

യു പി എ ഭരണകാലത്ത് രാജ്യത്ത് നടന്ന  ടു ജി സ്‌പെക്ട്രം, കല്ക്കരിപ്പാടവിതരണം തുടങ്ങി  വന്‍കിട അഴിമതികള്‍ സര്‍വകാല റിക്കാര്‍ഡ് ഭേദിച്ചിരിക്കുകയാണ്. രാജ്യത്താകെ അലയടിക്കുന്ന ഭരണവിരുദ്ധ സുനാമിയില്‍ ഈ സര്‍ക്കാര്‍ കടപുഴകി വീഴും.

സര്‍ക്കാറിനെ കടപുഴക്കി വീഴ്തുന്നതിനു നേതൃത്വം  കൊടുക്കാന്‍ ഭരണനിപുണനും രാജ്യത്തെ വ്യാവസായികമായി വികസിപ്പിക്കാന്‍ കെല്‍പ്പുള്ളയാളും അതിശക്തനുമായ ഗുജറാത്ത്  മുഖ്യമന്ത്രി  നരേന്ദ്രമോഡിയെയാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ദീപക് പറഞ്ഞു.

മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ രാജ്യത്തെ ജനങ്ങളെയാകെ ദുരിതക്കടലിലേക്ക് തള്ളിവിട്ട കോണ്‍്ഗ്രസ്സിനെ അധികാരത്തില്‍ നിന്നും തൂത്തെറിയുന്നതിനാണ്  പതിനൊന്നു കക്ഷികളുടെ മൂന്നാംമുന്നണി രൂപീകരിച്ചതെന്നു സി പി ഐ എം അനുഭാവിയും മൂന്നാം മുന്നണിയുടെ പ്രതിനിധിയുമായ റസൂല്‍സലാം പറഞ്ഞു.

ജനാധിപത്യ സംരക്ഷണം, ബഹുസ്വരത അംഗീകരിക്കുന്ന മതേതര വീക്ഷണം, ജനക്ഷേമകരമായ വികസന കാഴ്ചപ്പാട്, അധികാര കേന്ദ്രീകരണം ഇല്ലാതാക്കി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ കിട്ടുന്ന യഥാര്‍ഥ ഫെഡറല്‍ കാഴ്ചപ്പാട് തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് മൂന്നാം മുന്നണി തങ്ങള്‍ രൂപീകരിച്ചതെന്നും റസൂല്‍ പറഞ്ഞു.

അതേസമയം അഴിമതി വിരുദ്ധരും വര്‍ഗീയ വിരുദ്ധരുമാണെന്ന് എല്ലാ കക്ഷികളും വാച്ചകമടിക്കുമ്പോള്‍ അത് ഇന്ത്യന്‍ സമൂഹത്തിനു മുന്നില്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ യഥാര്‍ഥത്തില്‍ തെളിയിച്ചു കൊടുത്ത ഏറ്റവും പുതിയ രാഷ്ട്രീയ കക്ഷിയാണ് ആം ആദ്മി പാര്‍ട്ടിയെന്നു ആപ് പ്രതിനിധിയായ മുസ്തഫ പറഞ്ഞു.

തങ്ങള്‍ അരാജകവാദികളോ വികസന വിരുദ്ധരോ മുതലാളിത്ത വിരോധികളോ അല്ല. എന്നാല്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവുമായി കൂട്ടു ചേര്‍ന്ന് രാജ്യത്തെ കൊള്ളയടിക്കുന്ന റിലയന്‍സ് പോലുള്ള കമ്പനികളെയും മുകേഷ് അംബാനി പോലുള്ള മുതലാളിമാരെയുമാണ് ആപ് എതിര്‍ക്കുന്നത്.

ഇതര സാമുദായിക സംഘടന കളില്‍ നിന്നും വ്യത്യസ്തമായി വര്‍ഗീയത തീരെയില്ലാത്ത ഒരു സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ടിയെന്നു അതിന്റെ പ്രതിനിധിയായെത്തിയ സലിം മൂസ പറഞ്ഞു.

പാര്‍ലമെന്ററി സംവിധാനങ്ങളോട് അമിതാവേശം കാണിക്കാതെ, അഴിമതി വിരുദ്ധതയോടും ജനകീയ വിഷയങ്ങള്‍   യോജിപ്പുള്ള എല്ലാ രാഷ്ട്രീയ സംഘടനകളുടെയും സഹകരണത്തോടെ ഏറ്റെടുത്തു നടപ്പാക്കുകയാണ് ആര്‍ എം പിയുടെ നയമെന്ന്  സിദ്ദിക്ക് നിലമ്പൂര്‍ പറഞ്ഞു.

എന്നാല്‍ ശരിയായ ഇടതു  ജനകീയ ബദലിനു പ്രവര്‍ത്തി ക്കുന്നതിനോടൊപ്പം ആര്‍ എം പി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഇടതു രാഷ്ട്രീയ സംഘടനകളുമായി സഖ്യമുണ്ടാക്കുമെന്നും  തെരഞ്ഞെടുപ്പില്‍ പരമാവധി സ്ഥാനങ്ങളില്‍ മത്സരിക്കുമെന്നും  സിദ്ദിക്ക് പറഞ്ഞു.

കമ്മ്യൂണിസ്റ്റു പാര്‍ടികള്‍ വിഘടിച്ചു നില്ക്കുന്നതാണ് രാജ്യ പുരോഗതിക്ക് തടസ്സമെന്നും അവയുടെ ഏകീകരണം എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ വേണ്ടിയാണ് സി പി ഐ എക്കാലവും ശ്രമിച്ചിട്ടുള്ളതെന്നും അതുകൊണ്ടാണ്  തെരഞ്ഞെടുപ്പു വരുമ്പോള്‍ മാത്രം തട്ടിക്കൂട്ടുന്ന ‘മൂന്നാം മുന്നണി’ വരുന്ന തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്തമല്ലെന്ന് അറിയാമെങ്കില്‍ പോലും സഹകരിക്കുന്നതെന്നും സി പി ഐ പ്രതിനിധി അബുബേക്കര്‍ പറഞ്ഞു.

ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെക്കാള്‍ നരേന്ദ്ര മോഡി എന്ന ശക്തനും ആശയഗാമ്ഭീര്യനും  ജനപിന്തുണയുമുള്ള നേതാവിനെയാണ് താന്‍ പിന്തുണക്കുന്നതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച സീമ മേനോന്‍ പറഞ്ഞു.

വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വികലമായ സമീപനം മൂലമാണ് വിഘടന വാദവും തീവ്രവാദവും ഇന്ത്യയില്‍ ഉണ്ടാവുന്നതെന്നും ഇതിനെ തടയിടുന്നതിന് ആപ് പോലുള്ള നവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന വേറിട്ട ആശയങ്ങള്‍ പ്രതീക്ഷയുടെ പൊന്‍കിരണങ്ങളാണെന്നും നിബു വര്‍ഗീസ് പറഞ്ഞു.

ഹരികൃഷ്ണന്‍ സ്വാഗതവും നൗഷാദ് മുഹമ്മദ് നന്ദിയും  പറഞ്ഞ ചടങ്ങില്‍ സുരേഷ്, ജെയിംസ് ജേക്കബ്, ലിയാക്കത്ത്, ജിമ്മി പാല്‍സണ്‍, ദേവദാസ്, ഗിരിജന്‍, നൗഷാദ് മുഹമ്മദ്, റാഫി പാങ്ങോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

ബിജു മുല്ലശേരിയുടെ നേത്രത്വത്തില്‍ കുട്ടികളെയും മുതിര്‍ന്നവരെയും പങ്കെടുപ്പിച്ചു കൊണ്ട് വിവിധ കലാപരിപാടികള്‍ നടന്നു. ഡോ: ഹസീന ഫുആദ് അവതാരകയായിരുന്നു.

Advertisement