റിയാദ്: റിയാദ് ഇന്‍ഡ്യന്‍ ഫ്രണ്ട്ഷിപ്പ് അസ്സോസിയേഷന്‍ (റിഫ) ഇഫ്താര്‍ സംഗമവും ‘പൊളിച്ചെഴുതണോ പ്രവാസിക്ഷേമപദ്ധതികള്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചാ സമ്മേളനവും നടത്തി. കഴിഞ്ഞ വ്യാഴാഴ്ച അല്‍മാസ് അഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ റിയാദിലെ പ്രമുഖ സംഘടനാ നേതാക്കള്‍ പങ്കെടുത്തു.

Subscribe Us:

റിഫ പ്രസിഡന്റ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ മുരളീധരന്‍ വിഷയം അവതരിപ്പിച്ചു.

ജീവിതത്തിലെ ഏറ്റവും സക്രിയമായ കാലം മുഴുവന്‍ ഗള്‍ഫില്‍ ചെലവഴിച്ച്, വീട്ടുകാര്‍ക്കും സമൂഹത്തിനും സാമ്പത്തികാഭിവൃദ്ധി ഉണ്ടാക്കിക്കൊടുത്തുകൊണ്ടിരിക്കുന്ന പ്രവാസികള്‍ക്ക് ജീവിതത്തിന്റെ സായന്തനത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ ശേഷമുള്ള കാലം മാന്യമായൊരു ജീവിതം നയിക്കുന്നതിനുവേണ്ട പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരുകള്‍ വിജയിച്ചില്ലന്ന് വിഷയമവതരിപ്പിച്ചുകൊണ്ട് ആര്‍ മുരളീധരന്‍ പറഞ്ഞു.

കേരളസര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ പ്രവാസി ക്ഷേമനിധിയും നോര്‍ക്ക റൂട്‌സും മികച്ചരീതിയിലല്ല പ്രവര്‍ത്തിക്കുന്നത്. ഉപാധികളുടെ കാര്‍ക്കശ്യം കൊണ്ട് അവയുടെ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ല.കാലോചിതമായ പരിഷ്‌കാരങ്ങള്‍ രണ്ടെണ്ണത്തിലും വരുത്തേണ്ടതുണ്ട്. NDPREM (Norka Department Project for Return Emigrants)ന്റേയും വിദേശത്തെ ജയിലുകളിലുള്ള മലയാളികള്‍ക്കുള്ള നിയമസഹായത്തിന്റേയും കാര്യത്തില്‍ പ്രഖ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ചുരുക്കം പദ്ധതികളില്‍ ചിലത് ഗുണഭോക്താക്കളില്ലെന്ന കാരണത്താല്‍ അവസാനിപ്പിക്കുകയും ചെയ്യുകയാണ്. തീരെ സാധാരണക്കാരെ മുന്‍നിര്‍ത്തി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയായ മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജനയാണ് (MGPSY) ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രൂപീകരിച്ച പ്രവാസി ക്ഷേമവകുപ്പ് തന്നെ ഈ സര്‍ക്കാര്‍ ഇല്ലാതാക്കിയതും പ്രവാസിക്ഷേമത്തിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതും ഉള്ളവതന്നെ ഒന്നൊന്നായി നിര്‍ത്തലാക്കുകയും ചെയ്യുന്നത് പ്രവാസിക്ഷേമത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരുവിധ താല്പര്യവുമില്ലന്നത്തിന്റെ നല്ല ഉദാഹരണങ്ങളാണെന്ന് ആര്‍ മുരളീധരന്‍ പറഞ്ഞു.

വ്യത്യസ്ഥ ശ്രേണി കളില്‍ പെട്ട പ്രവാസികള്‍ക്ക് പ്രയോജനപ്രദമാകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതെന്ന് സലിം മാഹി (പ്രവാസി സാംസ്‌കാരികവേദി ) പറഞ്ഞു. ഇടതുപക്ഷസര്‍ക്കാരുകളാണ് പ്രവാസിക്ഷേമ പദ്ധതികള്‍ കൊണ്ടുവന്നതെന്നും പോരായ്മകളുണ്ടെങ്കിലും അവ നടപ്പാക്കുന്നതില്‍ പ്രവാസിസംഘടനകള്‍ക്ക് വലിയ ഉത്തരവാദിത്വമുണ്ടെന്ന് സുധീര്‍ കുമ്മിള്‍ (റിയാദ് നവോദയ ) പറഞ്ഞു.

പ്രവാസിക്ഷേമ കാര്യങ്ങളില്‍ സംഘടനകള്‍ കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ടതാണെന്നും സര്‍ക്കാര്‍ അവരുടെ പദ്ധതികളുടെ സഹായിമാത്രമാണെന്നും ദീപക് (സമന്വയ )പറഞ്ഞു. റസൂല്‍ സലാം, രാജു ഫിലിപ്പ് ഷീബ രാജു ഫിലിപ്പ്, അഡ്വ .റജി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. കെ പി ഹരികൃഷ്ണന്‍ സ്വാഗതവും നിബു മുണ്ടിയാപ്പള്ളി നന്ദിയും പറഞ്ഞു.