വെല്ലിങ്ടണ്‍: അമ്പയര്‍മാരോട് അസഭ്യമായി സംസാരിച്ചതിന് ന്യൂസിലന്റ് ഓള്‍റൗണ്ടര്‍ ജെസീ റൈഡര്‍ക്ക് പിഴ. 750 ന്യൂസിലന്റ് ഡോളറാണ് പിഴ വിധിച്ചത്. വെല്ലിങ്ടണും സെന്‍ട്രല്‍ ഡിസ്ട്രിക്‌സും തമ്മില്‍ നടന്ന ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയാണ് റൈഡര്‍ അമ്പയര്‍മാരോട് കയര്‍ത്ത് സംസാരിച്ചത്.

Ads By Google

റൈഡറുടെ എല്‍.ബി.ഡബ്ള്യൂ അപ്പീല്‍ അമ്പയര്‍ നിരസിച്ചതാണ് റൈഡറെ പ്രകോപിപ്പിച്ചത്. അമ്പയര്‍മാര്‍ സംഭവം ന്യൂസിലന്റ് ക്രിക്കറ്റ് ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടര്‍ന്ന് കോണ്‍ടാക്റ്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ റൈഡര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. വിചാരണയില്‍ റൈഡര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് റൈഡര്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കുന്നത്.പരിക്കും വിവാദങ്ങളുമായിരുന്നു റൈഡറെ ക്രിക്കറ്റില്‍ നിന്നും അകറ്റിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ കളിക്കുന്നതിനിടെ പരിക്കേറ്റ റൈഡര്‍ പിന്നീട് ദേശീയ ടീമില്‍ കളിച്ചില്ല. പരിക്കിന് ചികിത്സ തുടരുന്നതിനിടെ മദ്യപിച്ചതാണ് റൈഡര്‍ക്ക് വിനയായത്.