മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സമയമായെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വോണ്‍. ഓപ്പണര്‍ സൈമണ്‍ കാറ്റിച്ചിനെ ടീമില്‍ നിന്നും ഒഴിവാക്കിയതിലൂടെ സെലക്ടര്‍മാര്‍ പോണ്ടിംഗിന് വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്നും വോണ്‍ പറഞ്ഞു.

ഓപ്പണര്‍ എന്ന നിലയില്‍ 50 റണ്‍സ് ശരാശരിയുള്ള കാറ്റിച്ചിന് കഴിഞ്ഞ 14 ഇന്നിംഗ്‌സുകളില്‍ 45 റണ്‍സ് ശരാശരിയുണ്ട്. എന്നാല്‍ പോണ്ടിംഗിന്റെ ശരാശരി 25 മാത്രമാണ്. ഇത് വരാനിരിക്കുന്ന പരമ്പരകളില്‍ പോണ്ടിംഗിന് മേല്‍ സമ്മര്‍ദ്ദമുയര്‍ത്തുമെന്നും വോണ്‍ പറഞ്ഞു.

ഓസ്‌ട്രേലിയയുടെ 25 കളിക്കാരുടെ ലിസ്റ്റില്‍ നിന്നും കാറ്റിച്ചിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയത് തന്നെ ഞെട്ടിച്ചെന്ന് വോണ്‍ പറയുന്നു. ഒഴിവാക്കാന്‍ എളുപ്പമുള്ള കളിക്കാരനായതുകൊണ്ടാണ് കാറ്റിച്ചിനെ സെലക്ടര്‍മാര്‍ ആദ്യം ഒഴിവാക്കിയത്. ഇതിലൂടെ പോണ്ടിംഗിന് ശക്തമായ സന്ദേശം നല്‍കുകയാണ് സെലക്ടര്‍മാര്‍ ചെയ്തിരിക്കുന്നതെന്നും വോണ്‍ പറഞ്ഞു. പോണ്ടിംഗില്‍ നിന്ന് നായകസ്ഥാനം ഒഴിവാക്കി സമ്മര്‍ദ്ദം കുറയ്ക്കാന്‍ സെലക്ടര്‍മാര്‍ തയാറാവണമെന്നും വോണ്‍ പറഞ്ഞു.