Categories

പോണ്ടിംഗ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു

സിഡ്‌നി: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന് വാഴ്ത്തിപ്പാടിയ റിക്കി പോണ്ടിംഗ് ആസ്‌ട്രേലിയന്‍ ടീമിന്റെ അമരത്തു നിന്നും ഒഴിഞ്ഞു. ലോകകപ്പില്‍ ഇന്ത്യയോട് തോറ്റു പുറത്തായതോടെ പോണ്ടിംഗിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഇതായിരിക്കാം രാജിവെക്കാന്‍ താരത്തെ പ്രേരിപ്പിച്ചതെന്നുമാണ് റിപ്പോര്‍ട്ട്.

ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും പോണ്ടിംഗ് രാജിവെച്ചിട്ടുണ്ട്. എന്നാല്‍ ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ താന്‍ ടീമിനൊപ്പം ഉണ്ടാകുമെന്നും പോണ്ടിംഗ് വ്യക്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മൈക്കല്‍ ക്ലാര്‍ക്കിനെ നിയോഗിച്ചേക്കുമെന്നാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ നല്‍കുന്ന സൂചന.

2013-14 ലെ ആഷസ് സീരിസും 2015ലെ ലോകകപ്പ് കിരീടവും നേടാനാവണം ടീമിന്റെ ശ്രമമെന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടു. മുന്‍ക്യാപ്റ്റന്‍ സ്റ്റീവ് വോയില്‍ നിന്നാണ് പോണ്ടിംഗ് ഓസീസ് ടീമിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്. 77 ടെസ്റ്റില്‍ ആസ്‌ട്രേലിയയെ നയിച്ച പോണ്ടിംഗ് 48 മല്‍സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 228 ഏകദിനങ്ങളില്‍ ടീമിന്റെ ക്യാപറ്റന്‍ സ്ഥാനം അലങ്കരിച്ച പോണ്ടിംഗ് 164 മല്‍സരങ്ങളില്‍ ടീമിന് വിജയം നേടിക്കൊടുത്തു.

ഏറ്റവും അപകടകാരിയായ ക്യാപ്റ്റന്‍ എന്ന വിളിപ്പേര് പോണ്ടിംഗിന് സ്വന്തമായിരുന്നു. കളി തുടങ്ങുന്നതിനു മുമ്പേ എതിര്‍ടീമിലെ താരങ്ങളെ മാനസികമായി തകര്‍ക്കുന്ന സ്ലെഡ്ജിംങിന്റെ ആശാനായിരുന്നു പോണ്ടിംഗ്.

ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്ന് ആസ്‌ട്രേലിയയുടെ പേസര്‍ ഷോണ്‍ ടെയ്റ്റ് ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചിരുന്നു. നേരത്ത ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഗ്രെയിം സ്മിത്തും സ്ഥാനമൊഴിഞ്ഞിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.