തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെ രണ്ടു രൂപ അരി പദ്ധതി നടപ്പാക്കുന്നതിനുള്ള വിലക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി.
വിലക്ക് പിന്‍വലിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ അരി വിതരണം തുടങ്ങുമെന്ന് മന്ത്രി സി. ദിവാകരന്‍ അറിയിച്ചു. രണ്ടര ഏക്കറില്‍ കുറവ് ഭൂമിയുള്ളവര്‍ക്കും പ്രതിമാസം 25,000 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്കും അരിക്കുവേണ്ടി അപേക്ഷനല്‍കാം.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസമില്ലാതെയുള്ള രണ്ട് രൂപക്ക് അരി പദ്ധതിക്ക് പെരുമാറ്റചട്ട ലംഘനം ആരോപിച്ചായിരുന്നു വിലക്കേര്‍പ്പെടുത്തിയത്. പദ്ധതി നടപ്പാക്കാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നെങ്കിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ച് സ്‌റ്റേ നേടുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിയും വരെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചാണ് സ്‌റ്റേ അനുവദിച്ചത്.

അരി പദ്ധതി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും പ്രചാരണ ആയുധമാക്കുകയും ചെയ്തിരുന്നു.