അരി എംബ്രോയിഡറി എന്നു കേള്‍ക്കുമ്പോള്‍ വസ്ത്രങ്ങളില്‍ അരി തുന്നിപ്പിടിപ്പിച്ച് മനോഹരമാക്കുന്നാതാണെന്ന് കരുതിയെങ്കില്‍ തെറ്റി. മുഗള്‍ കാലഘട്ടത്തില്‍ രൂപം കൊണ്ട പ്രശസ്തമായ വസ്ത്രഡിസൈനിങ് രീതിയാണിത്. ഇന്ത്യയിലെ പരമ്പരാഗത മുസ്ലീം വിഭാഗക്കാരാണ് ഈ രീതിക്ക് തുടക്കം കുറിച്ചത്.
മയില്‍ ഡിസൈനുകള്‍ പല രീതിയിലും വസ്ത്രങ്ങളില്‍ ഡിസൈനര്‍മാര്‍ ഉപയോഗപ്പെടുത്താറുണ്ട്. നിറങ്ങളിലൂടെയും മയില്പീലികളിലൂടെയും മറ്റും. ഇത്തരത്തില്‍ അരി ഡിസൈനില്‍ പ്രധാനമായും വരുന്നത് മയില്പീലിയുടെ ആകൃതിയാണ്. എന്നാല്‍ ഒരേ ഡിസൈന്‍ ആളുകള്‍ക്ക് മടുപ്പ് ഉണ്ടാക്കുന്നതിനാല്‍ നിറങ്ങളുടെ പലതരം ഷേഡുകള്‍ ഉപയോഗിച്ചാണ് ഇത്തരം എംബ്രോയിഡറി ചെയ്യുന്നത്. ഇരുണ്ട നീല നിറത്തിലോ കടുത്ത മെറൂണ്‍ വര്ണത്തിലോ സ്വര്‍ണനിറത്തിലോ ആണ് പ്രധാനമായും ചിത്രവേലകള്‍ ഒരുക്കുന്നത്. ഇതിന് അനുയോജ്യമായ പശ്ചാത്തല നിറങ്ങളും ഒരുക്കും.
മുഗള്രാജാക്കന്മാരുടെ അന്തപുരങ്ങളില്‍ പ്രചാരത്തിലിരുന്ന ഈ രീതി വളരെ പെട്ടെന്ന് തന്നെ സാധാരണക്കാരനിലേക്കും എത്തിയിരുന്നു. എന്നാല്‍ ഇടക്കാലത്ത് ഇതിന്റെ പ്രചാരം കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും പട്ടുവസ്ത്രങ്ങളിലും ലിനന്‍ തുണികളിലും അരി ഡിസൈന്‍ ചെയ്തുവരുന്നുണ്ട്. ഗുജറാത്തിന്റെ തനതായ ഒരു നെയ്ത്തു കലാരൂപം കൂടിയാണ് അരി എംബ്രോയിഡറി. മുത്തുകളും മറ്റും വച്ച് അലങ്കരിക്കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള അരി എംബ്രോയിഡറി വസ്ത്രങ്ങള്‍ക്ക് ലോകവിപണിയില്‍ തന്നെ വലിയ ഡിമാന്റാണ്. നൈജീരിയ പോലുള്ള രാജ്യങ്ങളിലെ സ്ത്രീകള്‍ വിവാഹവേളകളിലും മറ്റുംഅണിയാന് അരി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുന്നത്. അരി ഡിസൈന്‍ ചെയ്യുന്നവരുടെ കേന്ദ്രമാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂര്‍.
കൈകൊണ്ടും ഹാന്‍ഡ് മെഷീന് കൊണ്ടും വസ്ത്രങ്ങളില്‍ അരി എംബ്രോയിഡറി നെയ്തു പിടിപ്പിക്കാറുണ്ട്. യന്ത്രങ്ങളില്‍ ചെയ്തവ പ്രധാനമായും കയറ്റുമതിക്കാണ് ഉപയോഗിക്കുന്നത്. പഴയ മോഡലുകള്‍ക്കൊപ്പം പുത്തന്‍ ഡിസൈനുകളും അടുത്തകാലത്തായി അരി ഡിസൈനില്‍ പരീക്ഷിക്കപ്പെടുന്നുണ്ട്. ഇത്തരം കനപ്പെട്ട അരി എംബ്രോയിഡറി ചെയ്ത സാരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ട്.
സാരികളില്‍ മാത്രമല്ല, ചുരിദാര്‍, സല്‍വാര്‍, പാന്റ്സ്, എന്നിവയും അരി എംബ്രോയിഡറി ചെയ്ത് മനോഹരമാക്കാറുണ്ട്. ഇത്തരം എംബ്രോയിഡറി സ്ത്രീകള്‍ക്കുള്ള വസ്ത്രങ്ങളില്‍ മാത്രമല്ല, പുരുഷന്മാര്ക്കുള്ള കുര്‍ത്തകളിലും മറ്റും ചെയ്യാറുണ്ട്. അതുപോലെ കുഷ്യന് കവറുകളിലും കിടക്കവിരികളിലും ഹാന്റ്ബാഗുകളിലും ചെരുപ്പുകളിലും വരെ ഇന്ന് അരി എംബ്രോയിഡറി സ്ഥാനം പിടിച്ചിട്ടുണ്ട്.
