തിരുവനന്തപുരം:സംസ്ഥാനത്ത് എ.പി.എല്‍/ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും രണ്ട് രൂപക്ക് അരി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യം നാളെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. മറ്റെന്നാള്‍ നിയമസഭയില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ധനവകുപ്പ് തയ്യാറാക്കിയ പദ്ധതിയാണ്് നാളെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുക.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സംസ്ഥാന ബജറ്റിലും നിരവധി ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇടതുസര്‍ക്കാറിന്റെ പ്രഖ്യാപിത നയങ്ങളില്‍പ്പെട്ടതാണ് എല്ലാവര്‍ക്കും കുറഞ്ഞ വിലയില്‍ അരി ലഭ്യമാക്കുകയെന്നത്.