26/11  മുംബൈ ആക്രമണം കഴിഞ്ഞയുടന്‍ ബോളിവുഡിലെ ചൂടന്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ താജ് മഹല്‍ പാലസും ടവര്‍ ഹോട്ടലും സന്ദര്‍ശിച്ചിരുന്നു. മുംബൈ ആക്രമണം സംബന്ധിച്ച് സിനിമയെടുക്കുന്നതിന്റെ മുന്നോടിയായാണ് ആര്‍.വി.ജിയുടെ സന്ദര്‍ശനമെന്നാണ് സിനിമാ ലോകത്ത് അന്ന് പ്രചരിച്ച വാര്‍ത്ത. എന്നാല്‍ ഇന്ന് ഈ വാര്‍ത്ത യാഥാര്‍ത്ഥ്യമാവുകയാണ്.

’26/11′ എന്ന് ആര്‍.വി.ജി തന്റെ ചിത്രത്തിന് പേരിട്ടുകഴിഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യവും ഇന്ത്യന്‍ ഓഫീസര്‍മാരുടെ ധീരതയും തന്റെ ചിത്രത്തിലൂടെ കൊണ്ടുവരാനാണ് ആര്‍.വി.ജയുടെ ശ്രമം.

Subscribe Us:

‘ മുംബൈ ആക്രമണ സമയത്ത് എന്താണ് ഉണ്ടായതെന്നതെന്ന് കണ്ടോ കേട്ടോ എല്ലാവരും മനസിലാക്കിയിട്ടുണ്ടാവും. എന്നാല്‍ ഇതിന്റെ തിരശീലയ്ക്കു പിന്നിലുണ്ടായ കാര്യങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാനാണ് എന്റെ ശ്രമം. കസബും കൂട്ടരും അമര്‍ സിംഗ് സോലങ്കിയുടെ ട്രോളറില്‍ കയറിയതുമുതല്‍ ടുക്രാം ഓംബാലെയില്‍ വെച്ച് കസബ് പിടിക്കപ്പെടുന്നതുവരെ എന്ത് സംഭവിച്ചുവെന്നാണ് ഞാന്‍ പറയുന്നത്’ വര്‍മ പറഞ്ഞു.

മുംബൈയില്‍ പാക്കിസ്ഥാനില്‍ നിന്നെത്തിയ 10 തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്നയുടന്‍ ആര്‍.വി.ജെ ഈ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖും, അദ്ദേഹത്തിന്റെ മകന്‍ രിതേഷും വര്‍മ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. ആ സമയത്തുതന്നെ ഇതിനെക്കുറിച്ച് വര്‍മ്മ സിനിമ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ഇതില്ലാം മാധ്യമങ്ങളുണ്ടാക്കുന്ന കെട്ടുകഥയാണെന്നായിരുന്നു അന്ന് അദ്ദേഹം മറുപടി പറഞ്ഞത്.