ചെന്നൈ: തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഒരു ഗ്രാമത്തില്‍ അര്‍ധരാത്രി കന്നുകാലികള്‍ ആക്രമിക്കപ്പെടുന്നു. കന്നുകാലികളെ ആക്രമിക്കുന്നത് പിശാചാണെന്ന പ്രചരണം ശക്തമായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

ഈ പിശാചിന്റെ ഉപദ്രവത്താല്‍ ഒട്ടേറെ കന്നുകാലികള്‍ ചത്തൊടുങ്ങിയതോടെ തങ്ങളെ ഒന്നും ചെയ്യരുതേയെന്ന് നാട്ടുകാര്‍ വാതില്‍പടിയില്‍ എഴുതിവച്ചുതുടങ്ങി. സംഭവം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയതോടെ ഇതു തട്ടിപ്പാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഉടന്‍ പിടികൂടുമെന്നും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഈ ‘ പിശാചി’ നെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.

പിശാചിനെ പേടിച്ച് നാട്ടുകാര്‍ തെരുവുകളിലും മറ്റുമാണ് കഴിയുന്നത്. ഇതിന് പുറമേ പിശാചിനെ ഓടിക്കുന്നതിന് ദൈവത്തിന്റെ ചിഹ്നങ്ങളും മറ്റും വീടിന്റെ ഭിത്തിയിലും വാതിലിലുമൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഈ നാടകങ്ങള്‍ക്ക് പിന്നില്‍ ക്രിമിനലുകളാണെന്നാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാര്‍ പറയുന്നത്. ആളുകളെ ഭയപ്പെടുത്തി നിയമലംഘനം നടത്തുന്നതിനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്ന് രാഷ്ട്രീയ നേതാവായ ഒ. ജയറാം പറഞ്ഞു. ആളുകള്‍ ഇതുവിശ്വസിക്കാത്തതുകൊണ്ടാണ് പിശാചിന്റെ ‘ തലയ്ക്കു വിലയിട്ടിരിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

പിശാചും യക്ഷിയുമായുമൊക്കെ ബന്ധപ്പെട്ട കഥകളും അന്ധവിശ്വാസങ്ങളും ലോകത്ത് സാധാരണമാണ്. ഏഷ്യയില്‍ നിന്നാണ് ഇവയേറെയും യൂറോപ്പിലെത്തിയിരിക്കുന്നത്.