പാര്‍ട്ടി വിട്ടവരെ തിരികെ വിളിച്ചുകൊണ്ട് സി.പി.ഐ.എം ഒഞ്ചിയം ഏരിയ കമ്മിറ്റി നേരത്തെ നോട്ടീസ് പുറത്തിറക്കിയിരുന്നു. പാര്‍ട്ടിയെ തെറ്റിദ്ധരിച്ചിരിക്കയാണെന്നും തിരിച്ചുവരണമെന്നുമാണ് അവര്‍ റവല്യൂഷണറി പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടത്. അഴുകി നാറിയ രാഷ്ട്രീയ കൂടാരത്തിലേക്ക് ഞങ്ങളില്ലെന്നാണ് ഇതിന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മറുപടി നല്‍കിയത്. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പുറത്തിറക്കിയ ഈ നോട്ടീസ് 2010 ഒക്ടോബര്‍ ഏഴിന് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍ എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കുകയെന്ന ഫാസിസം ഒഞ്ചിയത്തും ഇപ്പോള്‍ നടപ്പാക്കപ്പെട്ട സാഹചര്യത്തില്‍ ഇത് ഞങ്ങള്‍ പുനപ്രസിദ്ധീകരിക്കുന്നു…


തെറ്റിദ്ധരിക്കപ്പെട്ട പാര്‍ട്ടി ബന്ധുക്കളോട് എന്ന തലക്കെട്ടോടെ സിപിഐഎം ഒഞ്ചിയം ഏരിയാ കമ്മറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ നോട്ടീസിന്  റവല്യൂഷണറി മാക്സിസ്റ്റ് പാര്‍ട്ടിയുടെ മറുപടി.

“അഴുകിനാറിയ ആ കൂടാരത്തിലേക്ക് ഇനിയാരും വരാനില്ല. നിങ്ങള്‍ക്ക് ആ വാതിലുകള്‍ കൊട്ടിയടയ്ക്കാം”

ഒഞ്ചിയം ജനത ചരിത്രപരമായ ഒരു വിധിയെഴുത്തിന് ഒരുങ്ങുകയാണ്.  കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ നന്മകളെ മുഴുവന്‍ കൊന്നുതിന്നാനിറങ്ങിയ സിപിഎമ്മിന്റെ ജനവിരുദ്ധനേതൃത്വത്തിന്റെ ശവപ്പെട്ടിക്ക് അവസാനത്തെ ആണിയടിക്കാനുള്ള ആത്മാഭിമാനപോരാട്ടത്തിനായി ഒരു നാട് മുഴുവന്‍ ഇരമ്പിയാര്‍ക്കുന്നതിന്റെ ആരവമാണ് ഒഞ്ചിയത്താകെ മുഴങ്ങിക്കൊണ്ടിരിക്കുന്നത്.

തണ്ടും തന്‍പ്രമാണിത്തവും ധിക്കാരവും അഹങ്കാരവും കൈമുതലാക്കി ജനവിരുദ്ധ രാഷ്ട്രീയം കളിക്കാനിറങ്ങിയ സിപിഎമ്മിലെ നേതൃത്വപ്രമാണിമാര്‍ക്കെതിരെ നിവര്‍ന്നുനിന്ന് നിലപാട് സ്വീകരിച്ച കുറ്റത്തിന് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരേയും ആയിരക്കണക്കിന് പാര്‍ട്ടി അനുഭാവികളേയും മദ്യപാനികളെന്നും സാമൂഹ്യദ്രോഹികളെന്നും വര്‍ഗ്ഗവഞ്ചകരെന്നും പാര്‍ട്ടിവിരുദ്ധരെന്നും കുലംകുത്തികളെന്നും ആക്ഷേപിച്ച് നിര്‍ദാക്ഷിണ്യം ആട്ടിപ്പുറത്താക്കിയവര്‍ ഇപ്പോള്‍ മാരീചവേഷംകെട്ടി പുറത്തുപോയവരെ മുഴുവന്‍ സ്‌നേഹപൂര്‍വ്വം തിരിച്ചുവിളിക്കുകയാണ്!!

ചെങ്കൊടിയെങ്ങാന്‍ തൊട്ടാല്‍ കൈകാല്‍ വെട്ടുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര കമ്മിറ്റി അംഗവും, പുറത്തുപോയവരെല്ലാം രോമത്തിന് തുല്യമാണെന്ന് പൊതുയോഗത്തില്‍ പ്രഖ്യാപിച്ചവര്‍, എല്ലാ സഖാക്കളും തിരിച്ചുവരണമെന്ന് ഓര്‍ക്കാട്ടേരിയില്‍ വെച്ച് വി.എസ് ആവശ്യപ്പെട്ടപ്പോള്‍ പുറത്തുപോയവരെല്ലാം പുറത്തുതന്നെയെന്ന് ധിക്കാരേത്തോടെ പ്രഖ്യാപിച്ചവര്‍, ഇപ്പോള്‍ സ്‌നേഹത്തോടെ ക്ഷണിക്കുന്നതിലെ തട്ടിപ്പ് തിരിച്ചറിയാനുള്ള വിവേകം ഒഞ്ചിയത്തെ ജനതയ്ക്കുണ്ട്.

നേരും നെറിയുമുള്ള രാഷ്ട്രീയ നിലപാടിനുവേണ്ടി കഴിഞ്ഞ രണ്ടുവര്‍ഷക്കാലം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടിക്കു കീഴെ നട്ടെല്ലുയര്‍ത്തി നിന്ന് പൊരുതിയ ഒഞ്ചിയത്തെ ജനതയ്ക്ക് നേരിടേണ്ടിവന്ന മനുഷ്യത്വവിരുദ്ധവും പൈശാചികവുമായ ദുരനുഭവങ്ങളെ മുഴുവന്‍ ഒരു നോട്ടീസ് വാറോല കൊണ്ട് മൂടിക്കളയാമെന്ന് കരുതിയ മഹാബുദ്ധിക്ക് ‌നമോവാകം!

മൂന്നാം സ്ഥാനത്തിനുവേണ്ടി ബി.ജെ.പിയോട് മത്സരിക്കുന്ന സിപിഎമ്മിനെതിരെ ഒന്നും രണ്ടും കക്ഷികള്‍ തമ്മില്‍ സഖ്യമുണ്ടാക്കിയെന്ന പെരുംനുണ ഒഞ്ചിയത്ത് വേരുപിടിക്കില്ല

ഒഞ്ചിയത്താകെ റവല്യൂഷണറി-യു.ഡി .എഫ് സഖ്യമെന്ന നുണപ്രചാരണം കൊണ്ട്, കാത്തിരിക്കുന്ന അനിവാര്യമായ ദയനീയ പരാജയത്തില്‍ നിന്ന സിപിഎമ്മിനോട് കരകയറാനാവില്ല. ഒഞ്ചിയം, എറാമല പഞ്ചായത്തിലെ 11 സീറ്റിലും ചോറോട് പഞ്ചായത്തിലെ 17 സീറ്റിലും റവല്യൂഷണറിമാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മത്സരിക്കുകയാണ്. ഇതില്‍ ബഹൂഭൂരിപക്ഷം സീറ്റുകളിലും റവല്യൂഷണറിയും യു.ഡി.എഫും തമ്മില്‍ നേരിട്ടാണ് മത്സരം.

മൂന്നാം സ്ഥാനത്തിനുവേണ്ടി ബി.ജെ.പിയോട് മത്സരിക്കുന്ന സിപിഎമ്മിനെതിരെ ഒന്നും രണ്ടും കക്ഷികള്‍ തമ്മില്‍ സഖ്യമുണ്ടാക്കിയെന്ന പെരുംനുണ ഒഞ്ചിയത്ത് വേരുപിടിക്കുമെന്ന് കരുതുന്നവര്‍ ഈ നാടിന്റെ തിളച്ചുമറിയുന്ന രാഷ്ട്രീയമനസ്സ് കാണാന്‍ ഒക്ടോബര്‍ 27വരെ മാത്രം കാത്തിരുന്നാല്‍ മതി.

ഒഞ്ചിയത്ത് റവല്യഷണറിയെ തോല്‍പ്പിക്കുന്നതിന്‍ രഹസ്യസഖ്യമുണ്ടാക്കാന്‍ യുഡിഎഫിന് പിന്നാലെ വാലാട്ടിനടന്നവര്‍ ആരാണെന്ന് ഒഞ്ചിയത്ത് ഇന്ന് അങ്ങാടിപ്പാട്ടാണ്. നാലു കൊല്ലക്കാലം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനെ താങ്ങിനടന്നവര്‍, അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിലെ ഭരണകൂടഭീകരവാഴ്ചക്ക് ചുക്കാന്‍ പിടിച്ച കരുണാകരന്റെ ഡി.ഐ.സി യുമായി മുന്നണിയുണ്ടാക്കി അധികാരസോപാനം ചവട്ടിയവര്‍, മായാവതിയുമായും ജയലളിതയുമായും രാമന്‍പിളളയുമായും മദനിയുമായും വരെ ഒരു വര്‍ഷം മുന്‍പ് മുന്നണിയുണ്ടാക്കി തെരെഞ്ഞെടുപ്പിനിറങ്ങിയവര്‍, മമതയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുന്നവര്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സ് വിരോധത്തിന്റെ വക്താക്കളാവുന്നതിന്റെ വിരോധാഭാസം ഈ നാട് തിരിച്ചറിയുകതന്നെ ചെയ്യും.

ഒഞ്ചിയം ഏരിയയിലെ നാല് പഞ്ചായത്തുകളില്‍ മൂന്നിലും അധികാരത്തിന്റെ നക്കാപ്പിച്ചയ്ക്കുവേണ്ടി കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി യുഡിഎഫിനെ പ്രസിഡണ്ടായും വൈസ്പ്രിസിഡണ്ടായും താങ്ങിനിര്‍ത്തിയ സിപിഎമ്മിന്റെ ഇപ്പോഴത്തെ യുഡിഎഫ് വിരോധം ലജ്ജാശൂന്യമായ കാപട്യമല്ലാതെ മറ്റെന്താണ്?!!!

എം.വി രാഘവനെ ഓര്‍ക്കാട്ടേരി ടൗണില്‍ പ്രസംഗിപ്പിച്ചത് റവല്യൂഷണറിക്കാരാണെന്ന പെരുംനുണ കോഴക്കോട്ടെ പ്രസ്‌ക്ലബ്ബിലും ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ കോളത്തിലും തട്ടിവിട്ട ടി.പി രാമകൃഷ്ണനെ ഓര്‍ത്ത് ഈ നാട് ലജ്ജിക്കുകയാണ്. റവല്യൂഷണറിയുടെ ഏതെങ്കിലും ഒരു ചടങ്ങില്‍ രാഘവന്‍ പങ്കെടുത്തെന്ന് തെളിയിക്കാന്‍ സിപിഎമ്മിനെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. എന്നാല്‍ കാര്യം കാണാന്‍ രാഘവനെ സിപിഎം നേതൃത്വം തങ്ങളുടെ പരിപാടിയിലേക്ക് എഴുന്നള്ളിച്ചതിന്റെ കഥകളെത്ര?!!!

കൂത്തുപറമ്പ് വെടിവെപ്പില്‍ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ പുഷ്പനെ സഹായിക്കാന്‍ സിപിഎം ഫണ്ട് പിരിക്കാനിറങ്ങിയ അന്നുതന്നെ പെരിന്തല്‍മണ്ണയിലെ ഇ.എം.എസ് ആശുപത്രിയുടെ ചടങ്ങില്‍ പങ്കുകൊള്ളാന്‍ എം.വി രാഘവനെ പരവതാനി വരിച്ച് ആനയിക്കാന്‍ എന്തേ സിപിഎമ്മിന് മനസാക്ഷിക്കുത്തുണ്ടാകില്ലേ?!!!

ആര്‍ ഗോപാലന്‍ ഭരണചക്രം തിരിക്കുന്ന വടകര സഹകരണ ആശുപത്രിയിലേക്കും രാഘവനെ കെട്ടിഎഴുന്നളളിക്കുമ്പോള്‍ സിപിഎമ്മിന്റെ കൂത്തുപറമ്പ് സ്‌നേഹം എവിടെയായിരുന്നു. സാക്ഷാല്‍ പിണറായിസഖാവിന്റെ റബ്‌കോയിലും എത്തിയില്ലേ രാഘവന്‍?!!.തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞ ഈ നാടിന്റെ ജനവിധിയെ നിങ്ങളുടെ നാണംകെട്ട നുണക്കഥകള്‍ക്ക് വഴിതെറ്റിക്കാനാവില്ലെന്ന് ഒഞ്ചിയം ഈ തെരെഞ്ഞെടുപ്പില്‍ തെളിയിക്കുക തന്നെ ചെയ്യും.

ആയിരക്കണക്കിന് ധീരരക്തസാക്ഷികളും പോരാളികളും പടനായകരും ജീവനും രക്തവും ത്യാഗപൂര്‍ണ്ണമായ ജീവിതവൂം സമര്‍പ്പിച്ച് പടുത്തുവളര്‍ത്തിയ മഹത്തായ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മാഫിയാ സാമ്പത്തിക ശക്തികളുടേയും പണപ്രമാണിമാരുടേയും ഉപജാപകരുടേയും കാല്‍ക്കീഴില്‍ തകര്‍ക്കാനിട്ട തമ്പുരാക്കന്‍മാര്‍ക്കെതിരെ ജനകീയചെറുത്തുനില്‍പ്പാണ് കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് ജനതയും റവല്യൂഷണറി മാര്‍കിസ്റ്റ് പാര്‍ട്ടിയും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒഞ്ചിയം സമരസേനാനികള്‍ മുഴവനും ഈ സമരത്തില്‍ റവല്യൂഷണറിക്കൊപ്പം അടിയുറച്ചുനില്‍ക്കുകയാണ്. സമാനതകളില്ലാതെ ത്യാഗാനുഭങ്ങളാണ് ഈ സമരത്തിന്റെ ഭാഗമായി നിന്ന ഓരോ സഖാവിനും നേരിടേണ്ടിവന്നത്.

വ്യക്തിഗതമായ നരവധി നഷ്ടങ്ങളെ തൃണവല്‍ഗണിച്ച് നിലപാടുകളില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലകൊണ്ട ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് ജനതയ്ക്കു നേരെ അരങ്ങേറിയ സിപിഎമ്മിന്റെ കിരാതമായ കടന്നാക്രമണങ്ങളോട് മുഴുവന്‍ ഈ നാടിനു കണക്കുതീര്‍ക്കേണ്ടതുണ്ട്. അഴിയൂരിലെ കമ്യൂണിസ്റ്റ് പോരാളി സഖാവ് അബ്ദുള്‍ഖാദര്‍ മുതല്‍ ഒഞ്ചിയത്തെ പി.ജയരാജനും, ഓര്‍ക്കാട്ടേരിയിലെ കെ.കെ ജയനും സീനീഷും മുയിപ്രയിലെ എം.പി ദാമോദരനും ഉള്‍പ്പെടെയുള്ള നിരവധി സഖാക്കള്‍ക്കു നേരെ സിപിഎം നടത്തിയ മനുഷ്യത്വവിരുദ്ധമായ ക്വട്ടേഷന്‍-കൊലപാതകശ്രമങ്ങള്‍ക്ക് ബാലറ്റിലൂടെ പ്രതികാരം ചെയ്യാനാണ് ഈ നാട് കാത്തിരിക്കുന്നത്.

അതെ , ഞങ്ങള്‍ അടിവരയിടുന്നു., ചെങ്കൊടിയെ ഒറ്റുകൊടുത്തവരാരും രക്ഷപ്പെട്ട ചരിത്രമില്ല….

പോലീസ് ഭീകരതയും കള്ളക്കേസും തടവറയും കൊണ്ട് ഒരു ജനതയെ വേട്ടയാടാനിറങ്ങിയവര്‍, തൊഴില്‍ നിഷേധിച്ച് ചെത്തുതൊഴിലാളികളുള്‍പ്പെടെയുള്ള നിരവധി തൊഴിലാളികുടുംബങ്ങളെ പട്ടിണിക്കിട്ടവര്‍., സ്വന്തം ആപ്പീസിന് തീവെച്ചും, സ്വന്തം നേതാവിന്റെ വീടിന് ബോംബെറിഞ്ഞും റവല്യൂഷണറിയുടെ പേരില്‍ കുപ്രചാരണമഴിച്ചുവിട്ടവര്‍…, അതെ, പച്ചമാംസം മണക്കുന്ന കൊലവാളുകളും ചോരുപുരണ്ട ചെന്നായ്പ്പല്ലുകളും ഒളിപ്പിച്ച്, വെളുക്കെചിരിച്ച് അവര്‍ നമുക്കുമുന്നില്‍ വീണ്ടുമെത്തുകയാണ്…. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം തീവ്രാനുഭവങ്ങളുടെ ചോരക്കടലുകള്‍ താണ്ടിയ ഇന്നാട്ടിലെ ജനതയ്ക്ക് ഇനി മറ്റോന്നും ആലോചിക്കാനില്ല.

എതിര്‍ശബ്ദങ്ങളെ കൊന്നുതള്ളാന്‍ ക്വട്ടേഷന്‍ ചട്ടമ്പിമാരെ ചെല്ലും ചെലവും നല്‍കി പറഞ്ഞയച്ച മാടമ്പിമാര്‍ക്കെതിരെയുള്ള വിട്ടുവീഴചയില്ലാത്ത ജനവിധിയുടെ ക്വട്ടേഷനാണിത്. അധികാരസൗഖ്യങ്ങളുടെ അന്തപ്പുരങ്ങളില്‍ മദിച്ചുപുളച്ച് സാധാരണമനുഷ്യനെ മറന്നുപോയ പ്രമാണമാരെ അധികാരകേന്ദ്രങ്ങളില്‍ നിന്ന് കെട്ടുകെട്ടിക്കാനുള്ള് ഒരു നാടിന്റെ ധര്‍മ്മസമരമാണിത്.

ധിക്കാരവും ധാര്‍ഷ്ട്യവും തന്‍പ്രമാണിത്തവും മലിനമാക്കിയ ഈ നാടിന്റെ വിപ്ലവ രാഷ്ടീയത്തെ നന്മയും ധാര്‍ഷ്ട്യവും വിനയവും എളിമയും കൊണ്ട് വീണ്ടെടുക്കാനും, ജനാധിപത്യവും സമാധാനവും സമഗ്രവികസനവും ഉറപ്പുവരുത്താനുമുള്ള ?!!! റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഐതിഹാസിക ജനമുന്നേറ്റമാണിത്.

ഞങ്ങളുടെ വിജയം ഈ നാടിനുള്ളതാണ്…, ജനതയ്ക്കുള്ളതാണ്…, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനായി സര്‍വ്വം ത്യജിച്ച് പൊരുതിപ്പിടഞ്ഞുവീണ പോരാളികള്‍ക്കുള്ളതാണ്….
അതെ , ഞങ്ങള്‍ അടിവരയിടുന്നു., ചെങ്കൊടിയെ ഒറ്റുകൊടുത്തവരാരും രക്ഷപ്പെട്ട ചരിത്രമില്ല….

സ്‌നേഹാഭിവാദനങ്ങളോടെ.,
റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി,
ഒഞ്ചിയം ഏരിയാ കമ്മിറ്റി

 

സിപിഐഎം നേരത്തേ പുറത്തിറക്കിയ നോട്ടീസ് വായിക്കാം >>

‘കുലംകുത്തികളോട്’ സി.പി.ഐ.എമ്മിന് പറയാനുള്ളത്