വടകര: ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സി.പി.ഐ.എമ്മിന്റെ സംസ്ഥാന ജില്ലാ നേതൃത്വത്തിന് പങ്കുണ്ടെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് എന്‍. വേണു. സി.പി.ഐ.എം കണ്ണൂര്‍ ഘടകത്തില്‍ കൊലപാതകം സംബന്ധിച്ച ഗൂഢാലോചന നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലപാതകം നടക്കുന്നതിന് മുമ്പും അതിനുശേഷവുമായി ഒഞ്ചിയത്തും പരിസരപ്രദേശങ്ങളില്‍ നിന്നുമായി സി.പി.ഐ.എം പ്രാദേശിക നേതാക്കളെ കുടുംബസമേതം മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇത് ഇപ്പോഴാണ് മനസിലാവുന്നത്. ഒഞ്ചിയം രക്തസാക്ഷിദിനത്തിന് മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തതായും ആര്‍.എം.പി ആരോപിച്ചു.

കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ സി.പി.ഐ.എമ്മിന്റെ ഒരു എം.എല്‍.എ പോലും ചന്ദ്രശേഖരന്റെ വീട്ടില്‍ വരേണ്ട. സി.പി.ഐ.എമ്മുകാര്‍ ആര് വന്നാലും തടയുമെന്ന് ഇതിന് അര്‍ത്ഥമില്ല. വി.എസ്സിന്റേതുപോലുള്ള നിലപാടുള്ളവര്‍ക്ക് വരാമെന്നും ആര്‍.എം.പി നേതാക്കള്‍ പറഞ്ഞു.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹത്തിന് ഒന്ന് അനുശോചനം രേഖപ്പെടുത്താന്‍ പോലും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ ഞെട്ടലുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊക്കെ ഓരോരുത്തരുടെ മാനസികാവസ്ഥപോലെയിരിക്കുമെന്നാണ് പിണറായി പറഞ്ഞത്. പിണറായിയുടെ ഈ പ്രതികരണമാണ് സി.പി.ഐ.എമ്മുകാരെ ചന്ദ്രശേഖരന്റെ വീട്ടിലേക്ക് കടത്തില്ലെന്ന തീരുമാനത്തിന് പിന്നിലെന്നും ആര്‍.എം.പി പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ സി.പി.ഐ.എം നേതാക്കള്‍ നാളെ ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ആര്‍.എം.പി നേതൃത്വം.

Malayalam News

Kerala News in English