ഭോപ്പാല്‍: എല്ലാ പെണ്‍കുട്ടികളെയും പോലെ ഏറെ പ്രതീക്ഷയോടെയായിരുന്നു അനിത ഭായ് ഭര്‍തൃ വീട്ടിലേക്ക് പടികയറിയത്. എന്നാല്‍ ഒരു ടോയ്‌ലറ്റ് പോലും ഇല്ലാത്ത ആ വീട്ടില്‍  നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. വീട്ടില്‍ ടോയ്‌ലറ്റ് നിര്‍മിച്ചില്ലെങ്കില്‍ താനിവിടെ നില്‍ക്കില്ലെന്ന് പറഞ്ഞ് അനിത ഭര്‍തൃഹൃഹം ഉപേക്ഷിച്ചു. പക്ഷെ ഈ പ്രതിഷേധത്തിന് പ്രോത്സാഹനമായി 5 ലക്ഷം രൂപയുടെ അവാര്‍ഡ് തന്നെ തേടിയെത്തുമെന്ന് അനിത പ്രതീക്ഷിച്ചിരുന്നില്ല.

പൊതുശുചിത്വ നിലവാരം വര്‍ധിപ്പിക്കുന്നതിനുവേണ്ടി ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ സുലാഭ് ഇന്റര്‍നാഷണല്‍ ന്യൂദല്‍ഹിയില്‍ വച്ച് അനിത ഭായ്‌യെ അവാര്‍ഡ് ജേതാവായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഭര്‍ത്താവിന്റെ വീട്ടില്‍ ടോയ്‌ലറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് വിവാഹദിവസം രാത്രി തന്നെ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോന്നിരുന്നു. ശുചിത്വത്തിനും ആരോഗ്യസംരക്ഷണത്തിനും അനിതാ ഭായ് നല്‍കിയ പ്രാധാന്യത്തെ എടുത്തുപറഞ്ഞുകൊണ്ടാണ് സുലാഭ് ഇന്റര്‍നേഷണലിന്റെ സ്ഥാപകന്‍ ബിന്ദേശ്വര്‍ പതക് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ജനസംഖ്യയില്‍ പകുതിയും മലവിസര്‍ജ്ജനത്തിന് പൊതുസ്ഥം ഉപയോഗിക്കുന്ന ഈ രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകാന്‍ അനിതയുടെ ഈ പ്രവൃത്തിക്ക് സാധിക്കുമെന്ന് പതക് അഭിപ്രായപ്പെട്ടു. ടോയ്‌ലറ്റ് ഉടന്‍ സ്ഥാപിക്കാമെന്ന ഭര്‍തൃ വീട്ടുകാരുടെ ഉറപ്പ് വകവെക്കാതെയാണ് അനിത വീട്ടില്‍ തിരിച്ചെത്തിയത്.

‘ ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഭര്‍ത്താവ് ടോയ്‌ലറ്റ് നിര്‍മിച്ചതിനുശേഷമാണ് അനിത ഭര്‍തൃവീട്ടിലേക്ക് തിരിച്ചുപോയത്.’ പതക് പറഞ്ഞു.

ഏപ്രില്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ അനിതയെ ആദരിക്കുമെന്നും പതക് അറിയിച്ചു.

Malayalam News

Kerala News In English