എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമിയില്‍ റവന്യൂ വകുപ്പ് അധികൃതരുടെ പരിശോധന
എഡിറ്റര്‍
Thursday 2nd February 2017 2:19pm

law-academy

തിരുവനന്തപുരം: ലോ അക്കാദമിയില്‍ റവന്യൂവകുപ്പ് അധികൃതരുടെ പരിശോധന. ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ എത്തിയാണ് പരിശോധന നടത്തുന്നത്.

കോളേജ് മാനേജ്‌മെന്റ് അധികൃതരില്‍ നിന്നും ഭൂമി സംബന്ധിച്ച രേഖകള്‍ വാങ്ങി പരിശോധന തുടരുകയാണ്. ഈ പരിശോധനയ്ക്ക് ശേഷം തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.

ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ റവന്യൂമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ ഭൂമിയാണോ എന്ന കാര്യവും സര്‍ക്കാര്‍ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചോയെന്നുമാണ് അന്വേഷിക്കുക.

 


Dont Miss എല്ലാ തീരുമാനങ്ങളും ഞാന്‍ അറിഞ്ഞാണ് എടുത്തത്: പാചകം ചെയ്തല്ല ഡോക്ടറേറ്റ് എടുത്തതെന്നും ലക്ഷ്മി നായര്‍ 


ലോ അക്കാദമി ഭൂമി സംബന്ധമായി ഒറ്റ പരാതി പോലും കിട്ടിയിട്ടില്ലെന്ന റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് വി.എസ് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത്.ആരോപണങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു വകുപ്പ് സെക്രട്ടറിയോട് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു.

ലോ അക്കാദമിക്ക് എന്താവശ്യത്തിനായാണോ സര്‍ക്കാര്‍ ഭൂമി നല്‍കിയത്, ആ ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്ന ഭൂമിയും അതിലെ ചമയങ്ങളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കത്തില്‍ വി.എസ് ആവശ്യപ്പെട്ടിരുന്നത്.

ലോ അക്കാദമിയുടെ ഇപ്പോഴത്തെ ഘടനയിലുള്ള ട്രസ്റ്റിനാണോ ഭൂമി നല്‍കിയത്, ആ ഭൂമി അത് നല്‍കിയ ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യവും അന്വേഷിക്കണം.

സൊസൈറ്റി എന്ന നിലയിലല്ലാതെ, സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് പുന്നം റോഡിലുള്ള സ്ഥലത്ത് ഫ്ളാറ്റ് കെട്ടി വില്‍പ്പന നടത്തുന്നത് നിയമപരമാണോ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണവിധേയമാക്കണമെന്നും വിഎസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement