ന്യൂദല്‍ഹി: വോഡഫോണിനെതിരെ ആദായ വകുപ്പ് നോട്ടിസ് അയച്ചു. 2007 ല്‍ ഹച്ചിന്‍സണ്‍ കമ്പനിയുടെ ഓഹരി വാങ്ങിയതില്‍ 11,200 കോടി രൂപ നികുതി അടക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നോട്ടീസ് ലഭിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്. എത്ര ദിവസത്തിനുള്ളിലാണ് കുടിശ്ശിക നല്‍കേണ്ടതെന്ന് വ്യക്തമല്ല.

Ads By Google

ഓഹരി വാങ്ങിയതില്‍ നികുതി നല്‍കേണ്ടെന്ന നിലപാടിലാണ് വോഡഫോണ്‍. 2010 ഒക്‌ടോബറില്‍ ഈ ഇടപാട് നികുതി വിധേയമാണെന്നു കാണിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സുപ്രീംകോടതി ആദായനികുതി വകുപ്പിന്റെ നടപടികള്‍ റദ്ദാക്കിയിരുന്നു. ആദായനികുതി നിയമം ഭേദഗതി ചെയ്യാത്തിടത്തോളം നികുതി വാങ്ങാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചിരുന്നു.

തുടര്‍ന്ന് ആദായ വകുപ്പ് നിയമം ഭേദഗതി ചെയ്തു. ഇതോടെ നികുതിയടക്കാന്‍ കമ്പനി ബധ്യസ്ഥമായി. ഈ സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യന്‍ ആസ്തിയുളള ഹോങ്കോംഗ് കമ്പനിയായ ഹച്ചിന്‍സന്‍ വാംപോവയുടെ ഓഹരിയാണ് വോഡഫോണ്‍ വാങ്ങിയത്.