Categories

വ്യവഹാരങ്ങള്‍ നടക്കുന്ന വസ്തുവില്‍ റവന്യു അധികാരികള്‍ ഇടപെടരുത്: മനുഷ്യാവകാശ കമ്മീഷന്‍

human1

ആലപ്പുഴ: വ്യവഹാരം നടക്കുന്ന വസ്തുവില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടക്കുമ്പോള്‍ കോടതിയെ മറികടന്ന് റവന്യു അധികാരികള്‍ ഇടപെടരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

ആലപ്പുഴ തലവടി സ്വദേശി എം.എം പൗലോസ് സമര്‍പ്പിച്ച പരാതിയിന്‍മേലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. അച്ഛനുമായുള്ള വസ്തുതര്‍ക്കത്തില്‍ കോടതിയെ സമീപിക്കുന്നതിന് പകരം റവന്യു അധികാരികളെ സമീപിച്ച മകന്റെ നടപടി തെറ്റാണ്.

മകന് അനുകൂലമായി ഉത്തരവ് നല്‍കിയ തഹസില്‍ദാരുടെ നടപടി നിയമവിരുദ്ധമാണെന്ന് പറഞ്ഞ കമ്മീഷനംഗം ആര്‍.നടരാജന്‍ ഇനി ഇത്തരം വീഴ്ച്ചകള്‍ ഉണ്ടാകാതിരിക്കാന്‍ കുട്ടനാട് തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും  കളക്ടറോട് ആവശ്യപ്പെട്ടു.

പൗലോസിനും മകന്‍ ജോണ്‍സണ്‍ എം.പോളിനുമിടയില്‍ വസ്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കേസുള്ള വസ്തുവില്‍ പൗലോസ് ചായ്പ്പുണ്ടാക്കിയതിനെതിരെ മകന്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ നിര്‍മ്മാണപ്രവര്‍ത്തനം തടയുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് കേസുള്ള ഭൂമിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടയാന്‍ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് കമ്മീഷനംഗം പ്രസ്താവിച്ചത്. അച്ഛനും മകനും തമ്മിലുള്ള വസ്തുതര്‍ക്കത്തില്‍ റവന്യു അധികാരികള്‍ അനാവശ്യമായി ഇടപെടുകയായിരുന്നുവെന്നും ഉത്തരവില്‍ പറയുന്നുണ്ട്.