ബംഗളൂരു: ബംഗളൂരുവില്‍ റിട്ടയേര്‍ഡ് ആര്‍മി കേണലായ സിഖുകാരനും മകനും നേരെ വംശീയ അധിക്ഷേപവും ആക്രമണവും. 70 കാരനായ ആര്‍.എസ് ഉപ്പല്‍ എന്നയാളേയും മകനേയുമാണ് ആയുധവുമായി എത്തിയ ചിലര്‍ മര്‍ദ്ദിച്ചത്.

പ്രത്യേകിച്ച് പ്രകോപനമൊന്നും ഇല്ലാതെ തന്നെ ചിലര്‍ തങ്ങളുടെ വീട്ടിലേക്ക് കയറി മര്‍ദ്ദിക്കുകയും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുകയുമായിരുന്നെന്ന് ഇദ്ദേഹം പറഞ്ഞു. ആയുധങ്ങളുമായി എത്തിയ ചിലര്‍ തന്നേയും ഭാര്യയേയും മകനേയും ആക്രമിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. എന്താണ് അക്രമത്തിന്റെ കാരണം എന്നുപോലും വ്യക്തമല്ല- ഇദ്ദേഹം പറയുന്നു.


Dont Miss ജയ്റ്റ്‌ലിയുടെ സന്ദര്‍ശനത്തിന് പിന്നാലെ അമിത്ഷായുടെ 100 കിലോമീറ്റര്‍ കേരള യാത്ര; യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ബി.ജെപി മുഖ്യമന്ത്രിമാരെത്തും


ഇദ്ദേഹത്തേയും മകനേയും ആക്രമിക്കുന്നതിന്റ സിസി ടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ മകനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരിക്കുകയാണ്.

‘ഞങ്ങളെ പാക്കിസ്ഥാനികള്‍ എന്ന് വിളിച്ചുകൊണ്ടായിരുന്നു അവര്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിട്ടും പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. തങ്ങള്‍ ഇപ്പോഴും സുരക്ഷിതരല്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം വിഷത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.