ന്യൂദല്‍ഹി: ചില്ലറ വില്‍പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായില്ല. അതേസമയം, എഫ്.ഡി.ഐ സംബന്ധിച്ച നയങ്ങളില്‍ നിയമപരമായ പോരായ്മകള്‍ ഉണ്ടെന്നും ആര്‍.എം. ലോധ, എ.ആര്‍. ഡാവെ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് പറഞ്ഞു.

Ads By Google

Subscribe Us:

ഇത് പരിഹരിക്കാന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഭേദഗതി ചെയ്ത്, സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാന്‍ അവസരം ഒരുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ചില്ലറ വില്‍പന രംഗത്ത് എഫ്ഡിഐ നയങ്ങള്‍ രൂപീകരിക്കുന്നതിന് മുന്‍പുതന്നെ ഫെമാ നയങ്ങള്‍ ഭേദഗതി ചെയ്യേണ്ടിയിരുന്നു.

എന്നാല്‍ നയങ്ങളിലെ അവ്യക്തത ആര്‍ബിഐക്ക് പരിഹരിക്കാവുന്നതേയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, നയങ്ങളിലെ ചെറിയ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് എഫ്.ഡി.ഐ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യാനാവില്ല.

ആര്‍.ബി.ഐ ഗവര്‍ണറുമായി ചര്‍ച്ച നടത്തി ഫെമായില്‍ ആവശ്യമായ ഭേദഗതികള്‍ ഉടനടി നടപ്പാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ഗുലാം ഇ. വഹന്‍വതി കോടതിയെ അറിയിച്ചു. എഫ്.ഡി.ഐ ക്കെതിരെ അഭിഭാഷകനായ എം.എല്‍ ശര്‍മ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.