എഡിറ്റര്‍
എഡിറ്റര്‍
ഉപഭോക്താക്കളില്‍ നിന്ന് ഹോട്ടലുകള്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാന്‍ പാടില്ല; സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം
എഡിറ്റര്‍
Friday 21st April 2017 7:54pm

ന്യൂദല്‍ഹി: ഉപഭോക്താക്കളില്‍ നിന്ന് ഹോട്ടലുകള്‍ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍. സര്‍വ്വീസ് ചാര്‍ജ്ജ് ഉപഭോക്താക്കള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനാണെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അയച്ചുവെന്നും അദ്ദേഹം പറഞ്ഞു.


Also Read: ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളിട്ട നേപ്പാളി യുവാവിന് ഫേസ്ബുക്കില്‍ മലയാളികളുടെ വക പൊങ്കാല


‘സര്‍വ്വീസ് ചാര്‍ജ്ജ് നിര്‍ബന്ധമാക്കേണ്ട ഒന്നല്ല; അത് ഉപഭോക്താവിന് വേണമെങ്കില്‍ മാത്രം നല്‍കിയാല്‍ മതി. എത്ര സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കമമെന്ന് ഹോട്ടലുകളും റസ്റ്ററന്റുകളുമല്ല തീരുമാനിക്കേണ്ടത്. അത് ഉപഭോക്താവിന്റെ വിവേചനാധികാരമാണ്.’ -പാസ്വാന്‍ പറഞ്ഞു.

സര്‍വ്വീസ് ചാര്‍ജ്ജുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്ന രണ്ടാമത്തെ നിര്‍ദ്ദേശമാണ് ഇത്. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ആദ്യത്തെ നിര്‍ദ്ദേശം നല്‍കിയത്. ഇതില്‍ നിന്ന് ചില വ്യത്യാസങ്ങള്‍ പുതിയ നിര്‍ദ്ദേശങ്ങളിലുണ്ട്.

സര്‍വ്വീസ് ചാര്‍ജ്ജ് നിര്‍ബന്ധമല്ല എന്നും സേവനങ്ങളില്‍ തൃപ്തരല്ലെങ്കില്‍ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കേണ്ടതില്ല എന്നും ഹോട്ടലുകളില്‍ വ്യക്തമായി എഴുതി പ്രദര്‍ശിപ്പിക്കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. മുന്‍പത്തെ നിര്‍ദ്ദേശം നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് അയച്ചിരിക്കുന്നത്.

Advertisement