ബിവേര്‍ലി ഹില്‍സ്: ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്കിടയില്‍ സൗഹൃദാന്തരീക്ഷം വളര്‍ത്താന്‍ പുതിയ ഓഫറുമായി ലോസ് ആഞ്ചല്‍സിലെ ഒരു റസ്‌റ്റോറന്റ് രംഗത്ത് വന്നിരിക്കുകയാണ്. ഭക്ഷണത്തിനിടയിലെ മൊബൈല്‍ ഫോണ്‍ സംസാരം ഇല്ലാതാക്കി പകരം ഉപഭോക്താക്കള്‍ക്ക് പരസ്പരം കണ്ടിരിക്കാനുള്ള അവസരമാണ് ഈ റസ്റ്റോറന്റ് ഒരുക്കുന്നത്.

Ads By Google

Subscribe Us:

എങ്ങനെയെന്നല്ലേ, ആ റസ്‌റ്റോറന്റിലെത്തി ആഹാരം കഴിക്കുന്നവര്‍ക്ക് അഞ്ച് ശതമാനം ഇളവ് നല്‍കും. വെറുതെയല്ല, സീറ്റിലിരുന്നയുടന്‍ മൊബൈല്‍ ഫോണ്‍ റസ്‌റ്റോറന്റ് സ്റ്റാഫിന് നല്‍കണം. തിരികെ പോകുമ്പോള്‍ തിരിച്ചുമേടിക്കുകയും ചെയ്യാം.

മൊബൈല്‍ ഫോണ്‍ സംസാരം ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് ശല്യമാകുമെന്നതിനാലാണിതെന്ന് റസ്‌റ്റോറന്റിന്റെ ഉടമസ്ഥന്‍ മാര്‍ക്ക് ഗോള്‍ഡ് പറഞ്ഞു. ഫോണ്‍ സ്‌ക്രീനുകളുടെ വെളിച്ചവും ഉച്ചത്തിലുള്ള സംസാരവും പലപ്പോഴും മറ്റുള്ളവര്‍ക്ക് ശല്യമാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമേ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് പരസ്പരം പരിചയപ്പെടാന്‍ സാഹചര്യം സൃഷ്ടിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ഇതിന് പിന്നില്‍.

ഹോട്ടലിലെ സര്‍വര്‍മാര്‍ കസ്റ്റമര്‍ വന്ന് കഴിഞ്ഞാലുടന്‍ ഈ നിര്‍ദേശം അവര്‍ക്ക് മുന്നില്‍ വയ്ക്കും. വരുന്നവരില്‍ പകുതിപ്പേരും ഇത് അനുസരിക്കാറുണ്ടെന്ന് ഗോള്‍ഡ് പറയുന്നു. കുറച്ച് നേരം മൊബൈലിന്റെ ശല്യം ഒഴിവാക്കി തരുന്നതിന് പലരും നന്ദി പറഞ്ഞാണ് മടങ്ങാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.