ജയ്പൂര്‍: രഞ്ജി ട്രോഫി ജേതാക്കളായ രാജസ്ഥാനെ 404 റണ്‍സിന് തോല്‍പിച്ച് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി തുടര്‍ച്ചയായി ആറാം തവണയും സ്വന്തമാക്കി. 618 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ 213 (73.2 ഓവര്‍) റണ്‍സിന് പുറത്താകുകയായിരുന്നു. സ്‌കോര്‍: റെസ്റ്റ് ഓഫ് ഇന്ത്യ-663, 354/2. രാജസ്ഥാന്‍-400, 213.

ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ ലീഡ് വഴങ്ങിയ രാജസ്ഥാന് മുന്നില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സ് എന്ന നിലയിലാണ് അവര്‍ അഞ്ചാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ചത്. റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി പ്രഗ്യാന്‍ ഓജ രണ്ടാം ഇന്നിങ്‌സില്‍ 22.2 ഓവറില്‍ 60 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്‌സില്‍ ഓജ അഞ്ചു വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മീഡിയം പേസര്‍ ഉമേഷ് യാദവും ലെഗ് സ്പിന്നര്‍ രാഹുല്‍ ശര്‍മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മീഡിയം പേസര്‍മാരായ വിനയ്കുമാറും വരുണ്‍ ആരോണും ഓരോ വിക്കറ്റും വീഴ്ത്തി.

Subscribe Us:

സെഞ്ച്വറി നേടിയ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദി മാച്ച്.