എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ്‌കുമാറിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കേരള കോണ്‍ഗ്രസ് പ്രമേയം
എഡിറ്റര്‍
Sunday 5th August 2012 3:43pm

തിരുവനന്തപുരം: വനംവകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് കേരള കോണ്‍ഗ്രസ് പ്രമേയം. ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് പ്രമേയം അവതരിപ്പിച്ചത്.

Ads By Google

ഭരണത്തിലുണ്ടെന്ന് പറയുമ്പോഴും പ്രതിപക്ഷത്തിരിക്കേണ്ട അവസ്ഥയാണ് കേരള കോണ്‍ഗ്രസ് (ബി) യുടേതെന്ന് പ്രമേയത്തില്‍ പറയുന്നു. പ്രമേയം പാര്‍ട്ടി ഐകകണ്‌ഠേന പാസായി.
കേരളകോണ്‍ഗ്രസ് (ബി) അധ്യക്ഷന്‍ ബാലകൃഷ്ണപിള്ളയ്ക്കും മകന്‍ കെ.ബി ഗണേഷ്‌കുമാറിനുമിടയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നുവെന്ന് തെളിയിക്കുന്നതാണ് പ്രമേയം.

അതിനിടെ, തന്റെ പാര്‍ട്ടിയുമായി ബന്ധമില്ലാത്ത മന്ത്രിയാണ് ഗണേഷ്‌കുമാറെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും ആര്‍.ബാലകൃഷ്ണപിള്ള പറഞ്ഞു. മുഖ്യമന്ത്രി ഗണേഷിനെ സംരക്ഷിക്കുന്ന സാഹചര്യത്തില്‍ തുടര്‍ന്നുള്ള യു.ഡി.എഫ്. യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും ബാലകൃഷ്ണപിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി വിളിച്ചുവരുത്തി അപമാനിക്കുകയാണ് ചെയ്തത്. മന്ത്രിയുടെ ഒരു അഡീ.പ്രൈവറ്റ് സെക്രട്ടറി അഴിമതിക്കാരനാണ്. ഇയാള്‍ നേരത്തെ മലയാളം പ്ലാന്റേഷന്റെ ലെയ്‌സണ്‍ ഓഫീസറായിരുന്നു. മന്ത്രിയുടെ ഓഫീസില്‍ അഴിമതിയാണ് നടക്കുന്നത്. വനംവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ് നല്ലതെന്നും ഗണേഷ് ഒളിമ്പിക്‌സിന് പോയത് സര്‍ക്കാര്‍ കാശ് കളയാനാണെന്നും സംസ്ഥാന സമിതി യോഗത്തിനുശേഷം പിള്ള പറഞ്ഞു.

ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും നേരത്തെ പലതവണ പരസ്യമായി പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ച് ഗണേഷ് പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു ബാലകൃഷ്ണപിള്ളയുടെ പരാതി.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ കണ്ട് ഗണേഷിനെതിരെ ബാലകൃഷ്ണപിള്ള പരാതി ഉന്നയിക്കുകയും ചെയ്തിരുന്നു. മന്ത്രിസ്ഥാനത്ത് ഗണേഷ് തുടരുന്ന കാര്യത്തിലുള്ള അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇവര്‍ക്കിടയിലെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പലതവണ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒന്നൊതുങ്ങിയ മട്ടായിരുന്നു. അതിനിടെയാണ് പ്രമേയത്തിന്റെ രൂപത്തില്‍ പുതിയ പ്രശ്‌നവുമായി കേരളകോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

Advertisement