എഡിറ്റര്‍
എഡിറ്റര്‍
ഗഡ്കരി അധ്യക്ഷസ്ഥാനം സ്വയമേവ രാജിവെയ്ക്കുമെന്ന് കരുതി: രാം ജെത്മലാനി
എഡിറ്റര്‍
Tuesday 6th November 2012 2:02pm

ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷസ്ഥാനം ഒഴിയാന്‍ നിതിന്‍ ഗഡ്കരിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം. ഗഡ്കരി അധ്യക്ഷസ്ഥാനം സ്വയമേവ രാജിവെയ്ക്കുമെന്നാണ് താന്‍ കരുതിയതെന്ന് ബി.ജെ.പി നേതാവ് രാം ജെത്മലാനി പറഞ്ഞു. രാജി വെയ്ക്കുന്നത് കുറ്റം ഏറ്റുപറയലായി കണക്കാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗഡ്കരിയെ രണ്ടാം തവണയും പ്രസിഡണ്ടാക്കരുതെന്നും ഗഡ്കരി അധ്യക്ഷസ്ഥാനത്ത് തുടരുന്നതിനോട് പാര്‍ട്ടിയിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും യോജിപ്പില്ലെന്നും ജെത്മലാനി അറിയിച്ചു. നരേന്ദ്രമോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads By Google

അഴിമതി ആരോപണ വിധേയനായ പാര്‍ട്ടി അധ്യക്ഷന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ബി.ജെ.പി നേതാവും രാം ജെത്മലാനിയുടെ മകനുമായ മഹേഷ് ജെത്മലാനി ഇന്നലെ പാര്‍ട്ടി ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും രാജി വെച്ചു. ‘താങ്കള്‍ അധ്യക്ഷനായിരിക്കുന്നിടത്തോളം കാലം പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹകസമിതിയംഗമായി തുടരുന്നത് ധാര്‍മികമായും ബൗദ്ധികമായും ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല’ എന്ന ഒറ്റവരി വാചകം മാത്രമാണ് മഹേഷിന്റെ രാജിക്കത്തിലുള്ളത്.

ഗഡ്കരിയെക്കുറിച്ചുയര്‍ന്ന ആരോപണങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം ഇതുവരെയുണ്ടായിട്ടില്ലെന്നും മനസ്സാക്ഷി സംതൃപ്തമല്ലാത്തതിനാലാണ് രാജിവെക്കുന്നതെന്നുമാണ് മഹേഷ് ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. രാജിവെച്ചെങ്കിലും തുടര്‍ന്നും പാര്‍ട്ടിയെ സേവിക്കുമെന്നും മഹേഷ് വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം കമ്പനിയായ പുര്‍ത്തി ഷുഗര്‍ ആന്‍ഡ് പവറിന്റെ സാമ്പത്തികസ്രോതസ്സുകളെച്ചൊല്ലിയുള്ള ആരോപണങ്ങളാണ് പ്രധാനമായും ഗഡ്കരിയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഈ കമ്പനികളുടെ ഡയറക്ടര്‍മാരുടേതായി രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിച്ച മേല്‍വിലാസങ്ങളില്‍ മിക്കതും വ്യാജമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതെക്കുറിച്ച് രജിസ്ട്രാര്‍ ഓഫ് കമ്പനീസും ആദായനികുതി വകുപ്പും അന്വേഷണമാരംഭിച്ചു.

ഗഡ്കരിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് അദ്ദേഹത്തില്‍ നിന്ന് വ്യക്തിപരമായി വിശദീകരണം തേടിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു മഹേഷ് ജെത്മലാനിയുടെ മറുപടി. ഇതിനകം പുറത്തുവന്നിട്ടുള്ള വിശദീകരണങ്ങളെ ആസ്പദമാക്കി തന്റേതായ നിരീക്ഷണങ്ങളിലെത്തുകയായിരുന്നുവെന്നും മഹേഷ് പറഞ്ഞു.

ആരോപണങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി മഹേഷ് പറഞ്ഞു.

Advertisement